അവയവക്കടത്തു മാഫിയ സജീവമാകുമ്പോൾ…
ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് വിവിധ സംസ്ഥാനങ്ങളിൽ താമസിക്കാനും കുറ്റവാളികൾക്ക് രാജ്യത്തുനിന്നു കടക്കാനുമൊക്കെയായി വ്യാജ ആധാർ കാർഡുകൾ നിര്‍മിക്കുന്ന സംഘം സംസ്ഥാനത്തുണ്ട്.
കൊച്ചി : അവയവക്കടത്തു മാഫിയ സംസ്ഥാനത്തും സജീവമാകുകയാണ്. വ്യാജ രേഖകൾ വഴി വിദേശത്തേക്ക് കടന്ന പലതും മാഫിയകളുടെ ഇരകൾ ആയിട്ടുണ്ട്.അവയവ ക്കടത്തിനു തടയിടാനാവാതെ കുടുങ്ങിയിരിക്കുകയാണ് അധികാരികൾ.ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് വിവിധ സംസ്ഥാനങ്ങളിൽ താമസിക്കാനും കുറ്റവാളികൾക്ക് രാജ്യത്തുനിന്നു കടക്കാനുമൊക്കെയായി വ്യാജ ആധാർ കാർഡുകൾ നിര്‍മിക്കുന്ന സംഘം സംസ്ഥാനത്തുണ്ടെന്നാണ് നേരത്തേ പുറത്തുവന്ന വിവരം. ഈ ആധാർ ഉപയോഗിച്ചാണ് പിന്നീട് പാസ്പോർട്ട് ഉൾപ്പെടെയുള്ളവ സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ ആധാർ നിർമിക്കുന്ന സംഘം പെരുമ്പാവൂരിലെ ഭായ് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്നു എന്നും അന്വേഷണം തുടങ്ങിയതോടെ അത് അടച്ചുപൂട്ടി നടത്തിപ്പുകാർ കടന്നുകളഞ്ഞു.
ഇത്തരം സംഘങ്ങൾ വഴിയാണ് ഒടുവിൽ പോലീസിന്റെ പിടിയിലായ സാബിത്തും അവയവത്തിനായി കടത്തുന്നവർക്ക് വ്യാജ ആധാറും പാസ്പോർട്ടും സംഘടിപ്പിച്ചിരുന്നത്.സാബിത്തു കുടുങ്ങിയതോടെയാണ് അവയവക്കടത്തു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.നിയമപരമായ രീതിയിലാണ് വൃക്കദാനം എന്നു വിശേഷിപ്പിച്ചാണ് ഇയാൾ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇവരിൽ ചിലർ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചു എന്നും വിവരമുണ്ട്. 10 ലക്ഷം വരെയാണ് ഇരകൾക്ക് വാഗ്ദാനം ചെയ്യുന്നത് എങ്കിലും ആറു ലക്ഷം രൂപയൊക്കെയാണ് നൽകുന്നത് എന്ന് സാബിത്ത് പറഞ്ഞതായാണ് റിപ്പോർട്ട്. ആൾക്ക് ഒന്നിന് 5 ലക്ഷം രൂപയാണ് സാബിത്തിന്റെ കമ്മിഷൻ. ഇത്തരത്തിൽ ലഭിക്കുന്ന വൃക്ക കോടിക്കണക്കിന് രൂപയ്ക്കാണ് അവയവക്കടത്തു സംഘങ്ങൾ ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
വ്യാജ ആധാർ, പാസ്പോർട്ട് നിര്‍മാണം, മനുഷ്യക്കടത്ത്, അവയവക്കടത്ത് തുടങ്ങി രാജ്യാന്തര തലത്തിലുള്ള സംഘമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നതിനാൽ കേന്ദ്ര ഏജൻസികളും അന്വേഷണം ശക്തമാക്കി.

