രക്‌തബാങ്കുകളിലെ അമിതവില: നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി : ആശുപത്രികളിലും സ്വകാര്യ രക്ത ബാങ്കുകളിലും രക്തത്തിന് അമിത തുക ഈടാക്കുന്നതിന് തടയാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. പ്രൊസസിങ് ചാര്‍ജുകള്‍ ഒഴികെയുള്ള എല്ലാ ഫീസും ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രക്തം വില്‍പ്പനയ്ക്കുള്ളതല്ല എന്ന കാഴ്ചപ്പാടിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. രാജ്യത്തുടനീളമുള്ള രക്തദാന കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതുക്കിയ തീരുമാനം പാലിക്കാന്‍ സെന്‍ട്രല്‍ ഡഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, നാഷണല്‍ ബ്ലഡ് ട്രാസ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ (എന്‍ബിടിസി) പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാനും നിര്‍ദേശം കൊടുത്തിട്ടുണ്ട്.
രക്തദാനത്തിന് സ്വകാര്യ ആശുപത്രികളിലും രക്തബാങ്കുകളിലും ശരാശരി 2000 രൂപ മുതല്‍ ആറായിരം രൂപവരെ ഈടാക്കുന്നുണ്ട്. രക്തത്തിന് ദൗര്‍ലഭ്യം നേരിടുകയോ അപൂര്‍വ രക്തഗ്രൂപ്പ് ആവശ്യം വരികയോ ചെയ്താല്‍ ഫീസ് 10,000 രൂപ വരെയാകും. ഇതിന് പുറമെ പ്രൊസസ്സിങ് ഫീസും ഈടാക്കും.
ബന്ധപ്പെട്ട വാർത്തകൾ
മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി: ടിസിഎസ് രൂപകൽപന ചെയ്ത പുതിയ വെബ്സൈറ്റ് അവതരിപ്പിച്ച് കേന്ദ്രം
ഇന്ത്യയില്‍ ലോണ്‍ ആപ്പ് തട്ടിപ്പുകൾ വ്യാപകമാകുന്നു; കർശന നടപടികളുമായി കേന്ദ്രം
സുകന്യ സമൃദ്ധി യോജന ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; പലിശ നിരക്കിൽ വർധനവ്
സ്വയം സഹായ സംഘങ്ങള്‍ക്ക് പിന്തുണ; റിലയന്‍സ് ജിയോമാര്‍ട്ടുമായി കേന്ദ്ര ഗ്രാമവികസന വകുപ്പ് ധാരണാപത്രത്തില്‍ ഒപ്പിട്ടു
പുതിയ മാര്‍ഗനിര്‍ദേശം പ്രകാരം 250 രൂപ മുതല്‍ 1550 രൂപവരെ മാത്രമേ പ്രൊസസ്സിങ് ഫീസ് ഈടാക്കാന്‍ കഴിയൂ. ഉദാഹരണത്തിന് മുഴുവന്‍ രക്തമോ പാക്ക് ചെയ്ത ചുവന്ന രക്താണുക്കളോ ആണ് വിതരണം ചെയ്യുന്നതെങ്കില്‍ 1550 രൂപ ഫീസ് ഈടാക്കാം. അതേസമയം, പ്ലാസ്മയ്ക്കും പ്ലേറ്റ്‌ലെറ്റിനും ഒരു പായ്ക്കറ്റിന് 400 രൂപയാണ് നല്‍കേണ്ടത്. ക്രോസ്-മാച്ചിങ്, ആന്റിബോഡി ടെസ്റ്റ് എന്നിവയുള്‍പ്പെടയുള്ള അധിക രക്ത പരിശോധനകള്‍ നടത്തുന്നതിനുള്ള നിരക്കുകളും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
രോഗീ സൗഹൃദമാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ പ്രധാനപ്പെട്ട നീക്കം നടത്തിയിരിക്കുന്നതെന്ന് ചികിത്സാരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് പതിവായി രക്തം മാറ്റിവയ്ക്കുന്ന തലാസീമിയ, അരിവാള്‍ രോഗം, സര്‍ജറിക്ക് വിധേയമാകുന്ന രോഗികള്‍ എന്നിവര്‍ക്കെല്ലാം സര്‍ക്കാരിന്റെ നടപടി ഗുണം ചെയ്യും. ഇത്തരം കേസുകളില്‍ എപ്പോഴും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും രക്തം സ്വീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
ചില കോര്‍പ്പറേറ്റ് ആശുപത്രികള്‍ രക്തദാനത്തിന് അമിതമായി ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ സര്‍ക്കാരിന്റെ ഈ നടപടി സഹായിക്കും. ജനിതക രോഗമായ തലാസീമിയ ബാധിച്ചവര്‍ പതിവായി രക്തം സ്വീകരിക്കേണ്ടതായി വരും. മാസത്തില്‍ രണ്ടുതവണയെങ്കിലും ഇത്തരക്കാര്‍ രക്തം സ്വീകരിക്കേണ്ടതായുണ്ട്. അതിനാല്‍, അടിക്കടി രക്തം സ്വീകരിക്കേണ്ടി വരുന്നത് അവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും, നാഷണല്‍ തലാസീമിയ വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ഡോ. ജെഎസ് അറോറ പറഞ്ഞു. സര്‍ക്കാരിന്റെ ഈ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.
രക്തം വില്‍പ്പനയ്ക്കുള്ളതല്ല എന്നു വാദിക്കുന്ന വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഡ്രഗ്‌സ് ആന്‍ഡ് കണ്‍സള്‍ട്ടീവ് കമ്മിറ്റിയുടെ 62-ാം യോഗത്തിലാണ് രക്തദാനത്തിന് അമിതമായി ഫീസ് ഈടാക്കുന്നത് തടയാനുള്ള നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. പുതുക്കിയ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ എല്ലാ രക്തകേന്ദ്രങ്ങളോടും സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.