രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ
ന്യൂഡൽഹി∙ രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി ചടങ്ങിൽ പങ്കെടുത്തത്. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിനെത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ ഡൽഹി ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോയി. അവിടെ സംയുക്ത സേനാ വിഭാഗവും ഡൽഹി പൊലീസ് ഗാർഡും ചേർന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകി. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.