ഇന്ത്യ ലോകകപ്പ് ഫൈനലിൽ
മുംബൈ : ആവേശകരമായ സെമി ഫൈനലിൽ കരുത്തരായ ന്യൂസിലൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ കീവീസ് പടയ്ക്ക് 48.5 ഓവറിൽ 327 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഏഴ് ന്യൂസിലൻഡ് താരങ്ങളെ പുറത്താക്കിയ മുഹമ്മദ് ഷമിയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.
ഈ പ്രകടനത്തോടെ ലോകകപ്പിൽ 23 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്താനും ഷമിക്ക് സാധിച്ചു. ഓസ്ട്രേലിയയുടെ ആദം സാമ്പയെ (22) പിന്തള്ളിയാണ് ഷമിയുടെ കുതിപ്പ്. ഇതോടെ ലോകകപ്പിൽ അപരാജിതരായി പത്താം വിജയം സ്വന്തമാക്കാനും, പുതിയ റെക്കോഡ് നേടാനും രോഹിത്തിന്റെ നീലപ്പടയ്ക്കായി.
നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ന്യൂസിലൻഡിന് മുന്നിൽ 398 റൺസ് വിജയലക്ഷ്യം ഉയർത്തിയിരുന്നു. സ്കോർ, 397/4 (50).
വിരാട് കോഹ്ലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ചുറികളുടേയും, ശുഭ്മൻ ഗില്ലിന്റെ (80) അർധ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ന്യൂസിലൻഡിനായി ടിം സൌത്തി മൂന്നും ട്രെന്റ് ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി. 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും പത്തോവറിൽ നൂറ് റൺസാണ് സൌത്തി വഴങ്ങിയത്. ബോൾട്ട് പത്തോവറിൽ 86 റൺസ് വഴങ്ങി.
മറുപടിയായി ന്യൂസിലൻഡ് ഡാരിൽ മിച്ചലിന്റെയും (134) കെയ്ൻ വില്ല്യംസണിന്റേയും (69) മികവിൽ തിരിച്ചടിച്ചെങ്കിലും, ഷമിയുടെ തീയുണ്ടകളെ പ്രതിരോധിക്കാൻ അവർക്ക് സാധിച്ചില്ല. തൽഫലമായി ഒരറ്റത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.
ആദ്യ എട്ടോവറിനുള്ളിൽ തന്നെ ന്യൂസിലൻഡ് ഓപ്പണർമാരെ ഇരുവരേയും പവലിയനിലേക്ക് തിരിച്ചയച്ച് ഇന്ത്യയുടെ പേസ് സെൻസേഷൻ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചിരുന്നു. ഡെവോൺ കോൺവേ (13), രചിൻ രവീന്ദ്ര (13) എന്നിവരെ രണ്ടുപേരെയും വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിലെത്തിച്ചാണ് ഷമി ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എന്നാൽ, മിച്ചലിനെ കൂട്ടുപിടിച്ച് വില്ല്യംസൺ പോരാട്ടം ഇന്ത്യൻ ക്യാമ്പിലേക്ക് നയിച്ചത്, ഒരു ഘട്ടത്തിൽ രോഹിത്തിനേയും കൂട്ടരേയും സമ്മർദ്ദത്തിലാഴ്ത്തി.
32.2 ഓവറിൽ കെയ്ൻ വില്ല്യംസണിനെ (69) സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച ഷമി, രണ്ട് പന്തുകൾക്ക് ശേഷം ടോം ലഥാമിനേയും (0) പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. നേരത്തെ ബുംറയുടെ ഓവറിൽ അനായാസമായൊരു ക്യാച്ച് ഷമി നിലത്തിട്ടിരുന്നു.
സെമി ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത്ത് ശർമ്മ (47) നീലപ്പടയ്ക്ക് സ്ഫോടനാത്മകമായ തുടക്കം സമ്മാനിച്ചിരുന്നു. ഏകദിന കരിയറിലെ 13-ാമത് അർധ സെഞ്ചുറി പ്രകടനവുമായി ശുഭ്മൻ ഗില്ലും നായകന് മികച്ച പിന്തുണയേകി.
ഹിറ്റ്മാൻ നൽകിയ ആക്രമണാത്മക തുടക്കം മുതലെടുത്ത് സമ്മർദ്ദങ്ങളില്ലാതെയാണ് മറ്റു താരങ്ങളെല്ലാം ബാറ്റ് വീശിയത്. 22.4 ഓവറിൽ കാലിലെ പേശിവലിവ് കാരണം ശുഭ്മാൻ ഗിൽ റിട്ടയേഡ് ഹർട്ടായി പവലിയനിലേക്ക് മടങ്ങി.