BreakingIndiaPolitics

ഇന്ത്യ മുന്നണി യോഗം മാറ്റിവച്ചു

ന്യൂഡൽഹി : പ്രതിപക്ഷ നിരയിലെ ഐക്യത്തിന് തിരിച്ചടി.പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രധാന നേതാക്കളുടെ അസൗകര്യം പരിഗണിച്ച് ബുധനാഴ്ച നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റിവച്ചു. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം യോഗം പുനഃക്രമീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍,പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരാണ് യോഗത്തിനെത്താന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിലെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്.

നിതീഷ് കുമാറിന് സുഖമില്ലെന്നാണ് വിവരം. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. മറ്റ് പ്രതിബദ്ധതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനര്‍ജിയും അഖിലേഷ് യാദവും പിന്മാറിയത്. ഈ മുന്‍നിര നേതാക്കളൊന്നും പങ്കെടുക്കാതെ യോഗം നടത്തേണ്ടതില്ലെന്ന നിലപാടില്‍ നേതൃത്വം എത്തുകയായിരുന്നു.

യോഗത്തില്‍ പങ്കെടുക്കാമെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) തലവന്‍ ഉദ്ധവ് താക്കറെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ വിമാന ടിക്കറ്റുകള്‍ റദ്ദാക്കി. അതേസമയം, ആം ആദ്മി പാര്‍ട്ടി യോഗം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും അയച്ചിട്ടില്ലെന്നാണ് വിവരം. നിതീഷ് കുമാറിന് പകരം ജെഡിയു മേധാവി ലാലന്‍ സിങ്ങും ബീഹാറിലെ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം ലഭിച്ചിരുന്നത്. യോഗ വിവരം അറിയുന്നത് വൈകിയാണെന്നും മറ്റു പരിപാടികൾ നേരത്തെ ചാർട്ടായിക്കഴിഞ്ഞുവെന്നും പറഞ്ഞാണ് മമത യോഗത്തിൽ നിന്ന് പിന്മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *