‘ഇന്ത്യ’യിൽ കസേര ആടി തുടങ്ങിയോ
കസേര ആടി തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞതിന്‍റെ ഫലമാണ് പാചക വാതക വില കുറച്ചതെന്നാണ് കോൺഗ്രസ് പ്രതികരണം
ന്യൂ ഡൽഹി : രാജ്യത്ത് പാചക വാതക വില കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത്. കസേര ആടി തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞതിന്‍റെ ഫലമാണ് പാചക വാതക വില കുറച്ചതെന്നാണ് കോൺഗ്രസ് പ്രതികരണം. ഓണം – രക്ഷാ ബന്ധൻ ആഘോഷവേളയിൽ പ്രധാനമന്ത്രിയുടെ സമ്മാനമെന്നാണ് വില കുറച്ചതിനെക്കുറിച്ച് കേന്ദ്രസർക്കാർ പറഞ്ഞത്. വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണ് ഉള്ളതെന്ന് കോൺഗ്രസ് ചൂണ്ടികാട്ടി. കർണാടക മോഡൽ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണിയുടെ സമ്മർദ്ദവുമാണ് കേന്ദ്ര സർക്കാരിന്‍റെ ഈ പുനരാലോചനക്ക് പിന്നിലെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്.
അതേസമയം വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നതിനിടെ അടുക്കളയ്ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്ര സർക്കാർ തീരുമാനം.ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ, ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന്മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും.
പാചക വാതക വില കുറച്ച നടപടിക്ക് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുന്ന തീരുമാനമാകും ഇതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. വീടുകൾക്കുള്ളിൽ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താൻ ഈ തീരുമാനം സഹായിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില ഇരുന്നൂറ് രൂപയാണ് കേന്ദ്രസർക്കാർ കുറച്ചത്.