IndiaOthersSports

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിക്ടറി മാര്‍ച്ച്.

മുംബൈ: മുംബൈയെ ഇളക്കിമറിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിക്ടറി മാര്‍ച്ച്. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ നടത്തിയ വിക്ടറി മാര്‍ച്ച് കാണാന്‍ ലക്ഷക്കണക്കിനാരാധകരാണ് മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത്. സൂചികുത്താന്‍ പോലും ഇടമില്ലാതെ തടിച്ചു കൂടി ആരാധകര്‍ക്കിടയിലൂടെ ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് മുന്നോട്ട് പോകാന്‍ പോലും പലപ്പോഴും ബുദ്ധിമുട്ടി.
വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച വിക്ടറി മാര്‍ച്ച് കനത്ത മഴയും ആരാധക ബാഹുല്യവും കാരണം തുടങ്ങാന്‍ ഏഴ് മണിയായി. മറൈൻ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ തുടങ്ങിയ മാര്‍ച്ചില്‍ ഇന്ത്യൻ താരങ്ങള്‍ റോഡിന്‍റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു. രോഹിത്തിന്‍റെ തോളില്‍ കൈയിട്ട് ബസിന്‍റെ മുന്നിലേക്ക് വന്ന വിരാട് കോലിയും രോഹിത്തിന്‍റെ കൈപിടിച്ച് ആരാധകരെ സാക്ഷിയാക്കി ഒരിക്കല്‍ കൂടി ലോകകപ്പ് കിരീടം ആകാശത്തേക്ക് ഉയര്‍ത്തി. ഇന്ത്യൻ ആരാധകര്‍ വര്‍ഷങ്ങളായി കാണാന്‍ കൊതിച്ച നിമിഷം. ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ പതാക വീശി മുന്നില്‍ നിന്നപ്പോൾ വിരാട് കോലിയും അക്സര്‍ പട്ടേലും റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമെല്ലാം ആരാധകര്‍ക്കൊപ്പം ആവേശത്തില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *