വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി ഞെട്ടിപ്പിക്കുന്നത്. പിടി ഉഷ
ന്യൂഡൽഹി : പാരിസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തിയില്‍ ഫൈനലില്‍ എത്തിയ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്‍റ് പിടി ഉഷ. ദുഷ്‌കരമായ ഈ സമയത്ത് വിനേഷിന് എല്ലാവിധ സഹായവും നൽകും. അയോഗ്യയാക്കിയ തീരുമാനത്തിനെതിരെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിന് (യുഡബ്ല്യുഡബ്ല്യു) അപ്പീൽ നൽകിയതായും അവർ കൂട്ടിച്ചേർത്തു.
“വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെയും ഇന്ത്യ ഗവണ്‍മെന്‍റിന്‍റെയും മുഴുവൻ രാജ്യത്തിന്‍റെയും പൂർണ പിന്തുണ അവള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഞങ്ങൾ വിനേഷിന് വൈദ്യസഹായവും വൈകാരിക പിന്തുണയും നൽകുന്നുണ്ട്. സാധ്യമായതില്‍ ഏറ്റവും ശക്തമായ രീതിയില്‍ ഇതിനെതിരെ ഞങ്ങള്‍ യുഡബ്ല്യുഡബ്ല്യുവിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. മത്സരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി വിനേഷിന്‍റെ മെഡിക്കൽ ടീം രാത്രി മുഴുവൻ നടത്തിയ അശ്രാന്ത പരിശ്രമങ്ങളെക്കുറിച്ച് എനിക്ക് അറിയാം” – പിടി ഉഷ പറഞ്ഞു.