EducationIndiaKerala

ഭാഷയും ഓർമ്മകളും . ഡൽഹിയിലും മലയാളത്തിന്റെ വെളിച്ചം

അശ്വതി

ന്യൂഡൽഹി : ഒരു മനുഷ്യന്റെ ജീവിതത്തിൽ ചില പേരുകൾ കാലം കടന്നാലും മാഞ്ഞുപോകില്ല. പ്രൈമറി ക്ലാസ്സിൽ പഠിപ്പിച്ച ലീലാമ്മ ടീച്ചർ, മിഡിൽ സ്കൂളിൽ വഴികാട്ടിയായ ശിവരാമ പിള്ള സാർ, ഹൈസ്കൂളിൽ മലയാളത്തിന്റെ മാധുര്യം മനസ്സിലാക്കിയ സിസിലിയാമ്മ ടീച്ചർ  ഇവർ പുസ്തകത്തിലെ പാഠങ്ങൾ മാത്രമല്ല, ജീവിതത്തിന്റെ മൂല്യങ്ങളും പഠിപ്പിച്ച ഗുരുക്കൾ. അവരുടെ ശബ്ദം ഇന്നും ഓർമ്മയുടെ അകലെ നിന്ന് കേൾക്കാം.

കാലം കടന്ന് ജീവിതം നമ്മെ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയാലും, ഭാഷയുടെ നൂൽ നമ്മെ തിരികെ നമ്മുടെ വേരുകളിലേക്കാണ് കെട്ടിപ്പിടിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാനമായ Delhiയിൽ താമസിക്കുമ്പോൾ, മലയാളത്തെ സ്നേഹിക്കുന്ന നിരവധി കൂട്ടായ്മകൾ ആ ബന്ധം കൂടുതൽ ശക്തമാക്കി.

ഡൽഹിയിലെ മലയാളം ക്ലാസ്സുകൾ, വിവിധ മലയാളി അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് “നാം ദേശിയ ഡൽഹി” പോലുള്ള വാട്ട്സ്ആപ്പ് കൂട്ടായ്മകളുടെ സജീവ സാന്നിധ്യം  ഇവ ഭാഷയെ ജീവനോടെ നിലനിർത്തുന്ന ചെറിയ വിളക്കുകളാണ്. ജനസംസ്കൃതി പോലുള്ള സംഘടനകൾ സംസ്കാരവും ഭാഷയും കൈമാറുന്ന ഒരു പാലംപോലെ പ്രവർത്തിക്കുന്നു.

അതുപോലെ, നഴ്സുമാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ AIMNAയുടെ പ്രവർത്തനങ്ങളോടൊപ്പം പ്രവർത്തിക്കാൻ ലഭിച്ച അവസരം ഭാഷയും തൊഴിലും തമ്മിലുള്ള ആത്മബന്ധം കൂടുതൽ ശക്തമാക്കി. ഭാഷ വെറും ആശയവിനിമയമല്ല അത് തിരിച്ചറിവാണ് സംസ്കാരമാണ് വീടിന്റെ ചൂടാണ് എന്ന തിരിച്ചറിവ് അവിടെ വീണ്ടും ഉറപ്പായി.

ഡിജിറ്റൽ കാലത്ത് “മംഗ്ലീഷ്” കീബോർഡ് പോലുള്ള സാങ്കേതിക സഹായങ്ങൾ മലയാളം എഴുതാനും പങ്കിടാനും എളുപ്പമാക്കി. ഭാഷയെ സ്നേഹിക്കുന്നവർക്ക് സാങ്കേതിക വിദ്യ പോലും ഒരു കൂട്ടാളിയായി മാറിയിരിക്കുന്നു.

ഇപ്പോൾ ഭാരതിയ വിദ്യ ഭവൻ (ഭവൻസ്) പോലുള്ള സ്ഥാപനങ്ങളിലെ ഫാക്കൽറ്റി, ഗസ്റ്റുകൾ, ക്ലാസ്സുകൾ, കൂട്ടുകാർ എല്ലാവരും ചേർന്ന് മലയാളത്തിന്റെ പ്രകാശം വീണ്ടും മനസ്സിൽ തെളിയിക്കുന്നു. ഒരു ഭാഷയെ ജീവനോടെ നിലനിർത്തുന്നത് പുസ്തകങ്ങൾ മാത്രമല്ല, മനുഷ്യരാണ്. അവരുടെ സ്നേഹവും ശ്രമവും തന്നെയാണ് ഭാഷയുടെ ശ്വാസം.

കേരളത്തിൽ നിന്ന് ആയിരങ്ങൾ കിലോമീറ്റർ അകലെയായാലും, മലയാളം മനസ്സിൽ ഉണ്ടെങ്കിൽ കേരളം അകലെയല്ല. ഗുരുക്കന്മാരുടെ അനുഗ്രഹവും കൂട്ടായ്മകളുടെ പിന്തുണയും ഉണ്ടെങ്കിൽ, ഭാഷ ഒരിക്കലും നഷ്ടമാകില്ല …അത് തലമുറകളിലൂടെ ഒഴുകുന്ന ഒരു നദിപോലെ തുടരും…..

Leave a Reply

Your email address will not be published. Required fields are marked *