ശ്രേഷ്ഠ ബാവയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ.
കോതമംഗലം∙ കാലം ചെയ്ത യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്ക ശുശ്രൂഷയുടെ പ്രാരംഭ ചടങ്ങുകൾ കോതമംഗലം ചെറിയ പള്ളിയിൽ ആരംഭിച്ചു. സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസിന്റെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ നടക്കുന്നത്. കോതമംഗലം ചെറിയ പള്ളിയില്‍ പുലർച്ചെ 3.30ഓടെ എത്തിച്ച ശ്രേഷ്ഠ ബാവയുടെ ഭൗതിക ശരീരം കാണാൻ ആയിരക്കണക്കിന് വിശ്വാസികളാണ് കോതമംഗലം ചെറിയ പള്ളിയിലേക്ക് ഒഴുകിയെത്തിയത്.
കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ സംസ്കാര ചടങ്ങുകൾ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്നും അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച രാവിലെ 11 മണിയോടെ പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തും. ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു സഭാധ്യക്ഷന്മാർ, സമുദായ നേതാക്കളെല്ലാം ഇന്നും നാളെയുമായി കാതോലിക്കാ ബാവയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നുണ്ട്.

