BreakingKeralaOthers

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം വേണം.ജഗദീഷ്

എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും സ്വാഗതാർഹമാണെന്ന് നടൻ ജഗദീഷ്. റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ജഗദീഷ് പറഞ്ഞു. അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു.
വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തരുത്. ഒറ്റപ്പെട്ട സംഭവങ്ങളും അന്വേഷിക്കണം. പല തൊഴിലിടത്തും ഇങ്ങനെയല്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഭാവിയിൽ ഈ പ്രശ്നം പരിഹരിക്കാനാണു നമ്മൾ ശ്രമിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു.
റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ വഴിവിട്ട പാതയിലൂടെ വന്നവരാണെന്നു ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെങ്കിൽ വേദനയുണ്ടാക്കുന്നതാണ്. റിപ്പോർട്ടിലെ ചില പേജുകൾ എന്തിന് ഒഴിവാക്കിയെന്ന വിശദീകരണം സർക്കാർ നൽകേണ്ടി വരും. ഇരയായവരുടെ പേര് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *