മഹാകവി കുമാരനാശാന്റെ ഓർമ്മദിനം ജനുവരി 16
മാധ്യമപ്രവർത്തകനും കവിയും നവോത്ഥാനചിന്തകനുമായ ആശാൻ
കേവലം കവിതയിൽ അല്ല, സാമൂഹികചിന്തയിലും സാഹിത്യവിചാരത്തിലും മലയാളത്തെ മാറ്റിമറിച്ച ഒരു യുഗസ്രഷ്ടാവ്.
അശ്വതി
മഹാകാവ്യം എഴുതാതെ തന്നെ “മഹാകവി” എന്ന പട്ടം സ്വന്തമാക്കിയ ശ്രദ്ധേയ സാഹിത്യ പ്രതിഭ.
ഈ വിശേഷണം എല്ലാം ഉൾക്കൊള്ളുന്നയാൾ . കുമാരനാശാൻ ആധുനിക കവിത്രയത്തിലെ മഹനീയ പ്രതിഭ. ആശയഗാംഭീര്യമുള്ള കാവ്യഭാവനയിലൂടെ മലയാളകവിതയുടെ കാല്പനിക വസന്തത്തിന് തുടക്കമിട്ട കവിയായിരുന്നു അദ്ദേഹം. ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന് ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച കവിതാജീവിതം നമ്മെ ഇന്നും വിസ്മയപ്പെടുത്തുന്നു.
പലർക്കും അശാന്റെ മുഖം ആദ്യം കവിതകളിലൂടെയാണ് പരിചയപ്പെടുന്നത്.
എന്നാൽ അദ്ദേഹം ഒരു മാധ്യമ പ്രവർത്തകനായിരുന്നു എന്ന സത്യം മലയാള സമൂഹത്തിന് അഭിമാനകരമാണ്.
സമൂഹചിന്തയോടും നവോത്ഥാനവീക്ഷണത്തോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനം.
ഇന്ന് മഹാകവിയുടെ ഓർമ്മദിനം
സ്വയം ചോദിക്കലുകളും മാറ്റത്തിനുള്ള ആവേശവും വിതച്ച് പോയ ഒരു മഹാനായ സൃഷ്ടാവിനെ ഓർമ്മിക്കുന്ന ദിവസം.
മഹാകവി കുമാരനാശാൻ്റെ കവിതയുടെ ആശയഗാംഭീര്യം, സാമൂഹികസന്ദേശം, ഭാഷയുടെ നവോത്ഥാനം ഇതെല്ലാം അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ യുക്തിവാദത്തിന്റെ ഉണർവും മാനുഷികതയുടെ തിരുമുറ്റവും ആക്കി.
എന്തിന്നു ഭാരതധരേ കരയുന്നു?…
ഒരു തീയക്കുട്ടിയുടെ വിചാരം. …കവിയുടെ കരുത്തൻ ശബ്ദം.
1873 ഏപ്രിൽ 12-ന് കായിക്കരയിൽ ജനിച്ച ആശാൻ, സംസ്കൃതവും വേദാന്തവും പഠിച്ചു. 1891-ൽ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി. സന്ന്യാസമില്ല, പഠനം വേണമെന്ന് പറഞ്ഞ് ഗുരു ബാംഗ്ലൂർ (1895), കൽക്കത്ത (1898) എന്നിവിടങ്ങളിലേക്ക് അയച്ചു. പിന്നീട് സമുദായപരിഷ്കരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
1903-ൽ സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രഥമ സെക്രട്ടറിയും 1904-ൽ ആരംഭിച്ച വിവേകോദയം മാസികയുടെ പത്രാധിപരുമായിരുന്നു ആശാൻ. മാധ്യമപ്രവർത്തനം അദ്ദേഹത്തിന് ആശയസംഭാഷണത്തിന്റെയും നവോത്ഥാനത്തിന്റെ പ്രചാരണത്തിന്റെയും വേദിയായി.
1907-ലെ വീണപൂവ് മലയാളകവിതയുടെ സമീപനത്തെ മാറ്റിമറിച്ച കൃതി. തുടർന്ന് എഴുതിയ നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, കരുണ എന്നിവയെല്ലാം മലയാളത്തിലെ ക്ലാസിക്കുകൾ. ചിന്താവിഷ്ടയായ സീത ലോകസാഹിത്യത്തിലെ ഗാംഭീര്യമുള്ള വിരലിലെണ്ണാവുന്ന കൃതികളിലൊന്നായി കണക്കാക്കപ്പെടുന്നു. മികച്ച നിരൂപകനുമായിരുന്ന ആശാന്റെ ചിത്രയോഗനിരൂപണങ്ങളും ശ്രദ്ധേയമാണ.
1918-ൽ ഭാനുമതിയെ വിവാഹം ചെയ്തു. 1922-ൽ മദ്രാസ് സർവകലാശാലയുടെ കീർത്തിമുദ്രയും വെയിൽസ് രാജകുമാരന്റെ പട്ടുംവളയും ലഭിച്ചു.
1924 ജനുവരി 16-ന് ഹരിപ്പാട്–തോട്ടപ്പള്ളി ഇടയിലുള്ള പല്ലനയറ്റിൽ റഡീമർ എന്ന ബോട്ട് അപകടത്തിൽ ആശാന്റെ ജീവിതം ദുഖകരമായി അവസാനിച്ചു.
മാധ്യമപ്രവർത്തകനും കവിയും നവോത്ഥാനചിന്തകനുമായ ആശാൻ
കേവലം കവിതയിൽ അല്ല, സാമൂഹികചിന്തയിലും സാഹിത്യവിചാരത്തിലും മലയാളത്തെ മാറ്റിമറിച്ച ഒരു യുഗസ്രഷ്ടാവ്. ഇന്ന് അദ്ദേഹത്തെ ഓർക്കുന്നത്, ഭാഷക്കും സമൂഹത്തിനും നൽകിയ അതുല്യ സംഭാവനകളെയാണ്.


