ജെസ്‌ന കേസിൽ തുടരന്വേഷണം
ജെസ്നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചശേഷമാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.ജെസ്ന വീട്ടിൽനിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല.
തിരുവനന്തപുരം∙ ജെസ്‌ന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിലാണ് കോടതി വിധി. ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. ജെസ്ന ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് പറഞ്ഞു. തുടരന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. തന്റെ പക്കലുള്ള തെളിവുകൾ സിബിഐ എസ്പിയുമായി ചർച്ച നടത്തി കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്ര വച്ച കവറിൽ ചില തെളിവുകളും ഹാജരാക്കി. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്നയുടെ പിതാവ് ആവശ്യപ്പെട്ടത്. പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നായിരുന്നു സിബിഐ നിലപാട്. ജെസ്നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചശേഷമാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ജെസ്ന വീട്ടിൽനിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ജെസ്ന രഹസ്യമായി പ്രാർഥിക്കാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജെസ്നയുടെ കയ്യിൽ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാർ നൽകിയതല്ല. ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. ജെസ്നയുടെ തിരോധാനത്തിൽ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, എല്ലാം വിശദമായി പരിശോധിച്ചെന്നായിരുന്നു സിബിഐ നിലപാട്. പത്തനംതിട്ട മുക്കോട്ടുത്തറയിൽനിന്ന് 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതായത്. സ്വന്തം വീട്ടിൽനിന്ന് അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് ഓട്ടോയിൽപോയ ജെസ്നയെ കാണാതാകുകയായിരുന്നു. ലോക്കൽപൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സിബിഐ ഏറ്റെടുത്തത്.