ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്.നടി രഞ്ജനി അപ്പീലുമായി ഹൈക്കോടതിയിൽ
കൊച്ചി ∙ മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ പുറത്തുവിടാനിരിക്കെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. നടി രഞ്ജനി എന്ന സാഷ സെൽവരാജാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ. അപ്പീൽ സമർപ്പിക്കാൻ അനുവദിച്ച കോടതി, ഇത് നിലനിൽക്കുമോ എന്ന് തിങ്കളാഴ്ച പരിഗണിക്കും. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ നാളെ റിപ്പോർട്ട് പുറത്തുവിടുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.
ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു. മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുൻപ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നും അവര്‍ ആവശ്യപ്പെടുന്നു.

