കളർകോട് അപകടം. കാറിന്റെ ഉടമയ്ക്കെതിരെ ആർടിഒ നടപടി
ആലപ്പുഴ : കളർകോട് അപകടത്തിനിരയായ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഉടമയ്ക്കെതിരെ ആർടിഒ നടപടിയെടുക്കും. വാഹനം വാടകയ്ക്കു കൊടുക്കാൻ കാറിന്റെ ഉടമയായ ഷാമിലിന് ലൈസൻസില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മറ്റൊരാൾ പറഞ്ഞതു കൊണ്ടാണു കുട്ടികൾക്കു കാർ നൽകിയതെന്നാണ് ഷാമിൽ പറയുന്നത്.
അതേസമയം, അപകടസമയത്തു കാർ ഓടിച്ചിരുന്ന ഗൗരീ ശങ്കർ വാടക തുകയായ 1000 രൂപ ഷാമിലിന് ഗൂഗിൾ പേ ചെയ്തിരുന്നതായി പൊലീസ് റിപ്പോർട്ടുണ്ട്. ഈ റിപ്പോർട്ടു കൂടി പരിഗണിച്ചാണ് ലൈസൻസില്ലാതെയാണ് കാർ വാടകയ്ക്കു നൽകിയതെന്ന നിഗമനത്തിലേക്കു മോട്ടർ വാഹന വകുപ്പ് എത്തിയിരിക്കുന്നത്. അപകടത്തിൽ പൂർണമായും തകർന്ന കാറിന്റെ റജിസ്ട്രേഷൻ റദ്ദാക്കാനാണ് മോട്ടർ വാഹന വകുപ്പിന്റെ നീക്കം.