BreakingExclusiveKeralaOthers

കഞ്ചിക്കോട് മദ്യ നിർമാണ യൂണിറ്റിന് അനുമതി. പഞ്ചായത്ത് അടിയന്തിര യോഗം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് മദ്യ നിർമാണ യൂണിറ്റിന് അനുമതി നൽകിയ മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ നാളെ പഞ്ചായത്ത് അടിയന്തിര യോഗം ചേരും. പദ്ധതിയുടെ കാര്യത്തിൽ പഞ്ചായത്തിനുള്ള എതിർപ്പ് സർക്കാരിനെ അറിയിക്കാനാണ് യോഗം. നേരത്തെ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു രംഗത്തെത്തിയിരുന്നു.
എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. 26 ഏക്കർ സ്ഥലത്താണ് ബ്രൂവറി തുടങ്ങുന്നത്. രണ്ടു വർഷം മുമ്പാണ് കമ്പനി ഈ സ്ഥലം വാങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് പദ്ധതി വരുന്നതിനെ കുറിച്ചുള്ള വിവരം കൃത്യമായി അറിഞ്ഞതെന്ന് രേവതി ബാബു പറഞ്ഞു.

പഞ്ചായത്തിലെ ആറാം വാർഡിലെ മണ്ണക്കാട് പ്രദേശത്താണ് ബ്രൂവറി വരുന്നതെന്ന് അറിയുന്നത്. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയോട് ചോദിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് അനുമതിക്കായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. എന്നാൽ ആറു മാസം മുമ്പ് വ്യവസായ വകുപ്പിൽ നിന്ന് ഓൺലൈനായി ഇക്കാര്യം ചോദിച്ചിരുന്നുവെന്നും നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ഓൺലൈൻ യോഗത്തിൽ ചോദിച്ചിരുന്നുവെന്നും സെക്രട്ടറി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *