സർക്കാർ ജീവനക്കാരന്റെ പെട്രോൾ പമ്പ് . വിവാദം മുറുകുന്നു
കണ്ണൂർ : നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച വിവാദങ്ങൾ മുറുകുകയാണ്.സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി.ദിവ്യ. പരിയാരം മെഡിക്കൽ കോളജിലാണ് ദിവ്യയുടെ ഭർത്താവ് വി.പി.അജിത് ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുന്നത്. ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ എൻ ഓ സിക്ക് അപേക്ഷ നൽകിയ ശ്രീകണ്ഠാപുരം നിടുവാലൂർ കെ.ആർ.ഹൗസിൽ ടി.വി.പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനാണ്. ഇരുവരും സിപിഎമ്മിന്റെ സർവീസ് സംഘടനയിൽ അംഗങ്ങളാണ്.
സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവും എകെജി സെന്റർ ഓഫിസ് സെക്രട്ടറിയുമായ ബിജു കണ്ടക്കൈയുടെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.ഗോപിനാഥിന്റെ അമ്മാവന്റെ മകനുമാണ് പ്രശാന്തൻ.
സിപിഎം കുടുംബമാണ് പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നവീൻ ബാബുവിന്റേതും ഭാര്യ പത്തനംതിട്ട കോന്നി തഹസിൽദാർ മഞ്ജുഷയുടേതും. അമ്മ രത്നമ്മ സിപിഎം പ്രതിനിധിയായി മലയാലപ്പുഴ പഞ്ചായത്ത് അംഗമായിരുന്നു. നവീൻ ബാബുവും ഭാര്യ മഞ്ജുഷയും ഇടതുപക്ഷ സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെജിഒഎ)അംഗങ്ങളാണ്. മഞ്ജുഷയുടെ പിതാവ് ബാലകൃഷ്ണൻ നായർ ഇക്കഴിഞ്ഞ സമ്മേളനം വരെ സിപിഎം ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു.
നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
എൽഡി ക്ലാർക്കായി ജോലി തുടങ്ങിയ നവീൻ ബാബു 2010 ൽ ജൂനിയർ സൂപ്രണ്ടായാണ് കാസർകോട്ടെത്തിയത്. 14 വർഷത്തോളം അവിടെ ജോലി ചെയ്ത നവീന് സ്വന്തം നാട്ടിൽ വിരമിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഭാര്യ മഞ്ജുഷ കാസർകോട് എടനാട് വില്ലേജ് ഓഫിസറായിരുന്നു. കാസർകോട് കലക്ടറേറ്റിൽ 2010–15 ൽ ജൂനിയർ സൂപ്രണ്ടും 2016 ൽ 6 മാസം സീനിയർ സൂപ്രണ്ടും 2022 ജൂൺ 8 മുതൽ 2023 ഏപ്രിൽ 29 വരെ ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടറും 2024 ജനുവരി 30 വരെ എഡിഎമ്മുമായി ജോലി ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നപ്പോഴുള്ള ഉദ്യോഗസ്ഥ ക്രമീകരണത്തെത്തുടർന്ന് ഫെബ്രുവരി ഒന്നിനാണ് നവീൻ ബാബു കണ്ണൂരിൽ ചുമതലയേറ്റത്. പെരുമാറ്റച്ചട്ടം പിൻവലിക്കുമ്പോൾ സ്വന്തം നാടായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. അതിൽ നിരാശനായിരുന്നു. താൻ അംഗമായ സംഘടനയിലെ ചിലർ തന്നെയാണു സ്ഥലംമാറ്റം തടഞ്ഞതെന്ന് നവീൻ ബാബു സുഹൃത്തിനു സന്ദേശം അയച്ചിരുന്നു.
നവീൻ ബാബുവിന്റെ ആഗ്രഹം പോലെ നവീൻ ബാബുവിനെ പത്തനംതിട്ട എഡിഎം ആയും പത്തനംതിട്ടയിലെ സ്പെഷൽ ഡപ്യൂട്ടി കലക്ടർ പത്മചന്ദ്രകുറുപ്പിനെ കണ്ണൂർ എഡിഎം ആയും നിയമിച്ച് ഉത്തരവു ലഭിക്കുന്നത് ഒക്ടോബർ നാലിനാണ്.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി പറയുന്ന പരാതിയുടെ പകർപ്പ് പ്രശാന്തൻ മാധ്യമങ്ങൾക്ക് എഡിഎമ്മിന്റെ മരണവിവരം അറിഞ്ഞ ശേഷം കൈമാറി. എന്നാൽ പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ കയ്യിലുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതി അയയ്ക്കുന്നവർ സിഎംഒ പോർട്ടലിലേക്കാണ് വിവരങ്ങൾ നൽകാറുള്ളത്. അയച്ച ഉടൻ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പർ ഉൾപ്പെടെയുള്ള മറുപടി ഇ–മെയിലിൽ ലഭിക്കും.
സർക്കാർ ജീവനക്കാരനും സിപിഎം സർവീസ് സംഘടന അംഗവുമായ പ്രശാന്തന് സിഎംഒ പോർട്ടലിനെക്കുറിച്ച് അറിയില്ല എന്നത് കൗതുകകരമാണ്.
സർക്കാർ ജീവനക്കാരനായ ഒരാൾക്ക് എങ്ങനെ ഒരു ബിസിനസ് സംരംഭം തുടങ്ങാൻ സാധിക്കുമെത് സംശയകരമാണ്. പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ ഒരാൾക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിലും എഡിഎം വിളിച്ചപ്പോൾ 6ന് ക്വാർട്ടേഴ്സിലെത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിൽ 98,500 രൂപനൽകിയെന്നു പറയുന്നതിലും ദുരൂഹത ആരോപിക്കുന്നുണ്ട്. കൈക്കൂലി നൽകിയെന്നു സ്വയം പ്രഖ്യാപിച്ച സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എൻജിഒ അസോസിയേഷൻ ആവശ്യപ്പെടുന്നു. കൈക്കൂലി നൽകി നേടിയതാണ് എന്ന് പ്രശാന്തൻ തന്നെ വെളിപ്പെടുത്തിയ പമ്പിന്റെ അനുമതി റദ്ദാക്കണം എന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കേരളത്തിലെ ബിജെപി സംഘപരിവാർ സൈബർ ലോകത്ത് ഇക്കാര്യം നിരവധി പേർ ആവശ്യപ്പെട്ടു കഴിഞ്ഞു. നവീന്‍ എന്‍ഒസി നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പറയുന്ന പെട്രോള്‍ പമ്പ് ദിവ്യയുടെ കുടുംബത്തിന്റേതാണ് എന്നും ബിജെപിയും ഭര്‍ത്താവിന്‍റേതെന്ന് കോണ്‍ഗ്രസും ആരോപിച്ചു.
പെട്രാൾ പമ്പ് പി പി ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പിപി ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.