ഗെ…റ്റുഗെതര്‍
ഉണ്ണികൃഷ്ണൻ പൂന്താനം
———————————-
*കാലമേ, നീ നിന്റെ ചിത്താംബരംചുറ്റീ വീണ്ടും വീണ്ടുമണിഞ്ഞൊരുങ്ങി മറഞ്ഞേയ്ക്കാം…!*
*പക്ഷേ, എങ്കിലും ബാല്യത്തിലൊളിപ്പിച്ചു സൂക്ഷിച്ചയെന്നിലെ ഒരു തുന്പപ്പൂ ചിരിയേയും മായ്ക്കാന്‍ നീ നെയ്തൊരായുസ്സിന്റെ കന്പളങ്ങള്‍ക്കൊന്നിനുമായില്ല..!
കാരണം, അവയെ ന്നിലൊരൂ മണ്‍ചെരാതുവെട്ടംപോല്‍ പൊത്തിപിടിച്ചുപോറ്റിയും, നിര്‍മ്മലസ്നേഹത്തിന്നെണ്ണവറ്റാതെ തെളിഞ്ഞതും പൊലിമമങ്ങാതലിഞ്ഞതുമായിരുന്നല്ലോ…!
അന്നത്തെ വറുതിയുടെ വെയില്‍ നാളങ്ങള്‍ക്കും, ഇന്നത്തെ പൊലിമയുടെ പൊങ്ങച്ചങ്ങള്‍ക്കുമിടയില്‍, അവയെന്റെ ഹൃത്താള പര്‍ണശാലയ്ക്കൊരുമൂലയില്‍ ഇടയ്ക്കിടയ്ക്കെങ്കിലും ഉലയുന്ന താളമായ്, തെളിയുന്ന നാളമായ് എന്നിലെ പച്ചപ്പുല്‍ചാടികളേയും പാടവരന്പുകളേയും തോട്ടിറന്പുകളേയും ഓരോ ഓണങ്ങളായ് വിരിയിച്ചുകൊണ്ടേയിരുന്നൂ…!
ഞെട്ടുന്ന വളര്‍ച്ചയില്‍ ഞെട്ടറ്റുപൊട്ടിയ ബാല്യവും കൗമാരവും, പൊട്ടിയ സ്ളേറ്റിലൊളിപ്പിച്ചുവെച്ചൊരാ വേവുന്ന അനുരാഗവും, കുപ്പിവളകളും മഴയും നോവുന്ന ചൂരലും, നരച്ചുശേഷിച്ചൊരീ ആയുസ്സിനുള്ളിലും നരയ്ക്കാതെ… ഉണങ്ങാതെ… ഉയിര്‍ക്കുന്നൂ.., കവനമായ്, കദനമായ്… ആര്‍ദ്രമായ്..!
കാലമേ, നീ തന്നീടുമീയോണത്തിനും പിന്നെ വിഷുവിനും, പിന്നെ കുളിരേറ്റൊരാ തിരുവാതിരയ്ക്കുമീ, പായല്‍പിടിച്ചൊരായെന്റെ പടവുകളെ ഓളങ്ങളെ വായ്ത്താരികളെ, മാടിവിളിയ്ക്കാതിരിയ്ക്കുന്നതെങ്ങിനെ..!?
നെയ്തെടുക്കട്ടേ ഞാന്‍, നെയ്ത്തിരീ നാളമായെന്റെയീ ഓര്‍മ്മചെരാതിന്‍ വക്കുപൊട്ടാതെ കാത്തൊരീ മണ്‍വിളക്കിന്‍ നാളങ്ങളെ…! ചിതലരിയ്ക്കാതെ ചിതറിയ ചിത്തിനെ! വരണ്ടുണങ്ങാതെ പോറ്റിയ, കരിമഷിയനുരാഗങ്ങളെ…! വകഞ്ഞിട്ടളകങ്ങളെ…!!!