ജോസ് കെ മാണി എൽ ഡി എഫ് വിടും
കോട്ടയം : കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫ് വിടുമെന്ന് സൂചന..കർഷക പ്രശ്നങ്ങളിൽ ഉൾപ്പെടെ എൽ ഡി എഫിൽ പലപ്പോഴും എതിർപ്പ് പ്രകടിപ്പിക്കാറുണ്ട്. മലയോര മേഖലയിലെ വന്യജീവി അക്രമണം സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി നല്ല ബന്ധത്തിലല്ല കേരളാ കോൺഗ്രസ് എം. വനം വകുപ്പ് കാര്യക്ഷമമല്ലെന്നും വന്യജീവി അക്രമം തടയാൻ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമായിരുന്നു കേരള കോൺഗ്രസിന്റെ ആരോപണം. കോട്ടയത്ത് ചേർന്ന പാർട്ടി ഉന്നതാധികാരസമിതിയാണ് വനം വകുപ്പിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും, തദ്ദേശ തിരഞ്ഞെടുപ്പ് കേരളാ കോൺഗ്രസ് എം)സംബന്ധിച്ചു നിർണായകമാണ്. കെ എം മാണിയുടെ മരണത്തിന് ശേഷമായിരുന്നു കേരള കോൺഗ്രസ് ഇടതുമുന്നിയിൽ ചേക്കേറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണ് കേരള കോൺഗ്രസ് എമ്മിന് എൽ ഡി എഫ് മുന്നണി പ്രവേശനം അനുവദിക്കുന്നത്.
മന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെ എൽ ഡി എഫിലെത്തിയ ജോസ് കെ മാണി പാലായിൽ നിന്നും തോറ്റു. രാഷ്ട്രീയമായി വൻതിരിച്ചടിയായിരുന്നു ജോസ് കെമാണിയുടെ തോൽവി. കോട്ടയം പാർലമെന്റ് സീറ്റിൽ സിറ്റിംഗ് എം പിയായിരുന്ന തോമസ് ചാഴിക്കാടൻ ഫ്രാൻസിസ് ജോർജിനോട് തോറ്റതോടെ കേരള കോൺഗ്രസ് മാണി വിഭാഗത്തിനു വീണ്ടും തിരിച്ചടിയായി. ജോസ് കെ മാണി സി പി എമ്മിന്റെ കാരുണ്യത്തിൽ വീണ്ടും രാജ്യസഭാംഗമായി. ഇതോടെ ഇടത് മുന്നണിയിൽ നിന്നും വിട്ടുപോരുന്നത് ബുദ്ധിയല്ലെന്ന നിഗമനത്തിലാണ് കേരള കോൺഗ്രസ് നേതൃത്വം.
എന്നാൽ ശക്തമായ ഭരണവിരുദ്ധവികാരം തിരിച്ചടിക്ക് വഴിയൊരുങ്ങുകയാണെന്നാണ് കേരള കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ മുന്നറിയിപ്പ്. യു ഡി എഫിൽ ചേക്കേറുന്നതായിരിക്കും പാർട്ടിക്ക് ഗുണം ചെയ്യുകയെന്നും നേതാക്കൾ വിലയിരുത്തുന്നു. എന്നാൽ കേരള കോൺഗ്രസ് എം തല്കാലം മുന്നണി വിടില്ലെന്നാണ് യോഗം അറിയിക്കുന്നത്. മുന്നണി വിടുന്നതിനോട് മന്ത്രി രോഷി അഗസ്റ്റിനും ചീഫ് വിപ് ജയരാജിനും താല്പര്യമില്ല. മുന്നണി വിടാനുള്ള സാഹചര്യങ്ങൾ ഇപ്പോഴില്ലെന്നാണ് ജോസ് കെ മാണി അർഥശങ്കയ്ക്കിടയില്ലാതെ പറയുന്നത്.
എന്നാൽ പാലാ സീറ്റിൽ വിജയിച്ചു കയറണമെങ്കിൽ എൽ ഡി എഫിനൊപ്പം നിന്നതുകൊണ്ട് കാര്യമില്ലെന്ന് ജോസ് കെ മാണിക്ക് വ്യക്തതയുണ്ട്. യു ഡി എഫിന്റെ പരമ്പരാഗതമായ വോട്ടുകൾ ലഭിച്ചാൽ ജോസ് കെ മാണിക്ക് പാലായിൽ വിജയിക്കാൻ കഴിയുമെന്നും ഒരുവിഭാഗം നേതാക്കൾ കണക്കുകൂട്ടുന്നു. കേരളാകോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിക്ക് രാഷ്ട്രീയ വിജയം അനിവാര്യമാണ്. പാല സീറ്റ് അല്ലെങ്കിൽ മറ്റൊരു സുരക്ഷിത താവളം എന്ന നിലയിലുള്ള ചർച്ചയും കോൺഗ്രസിൽ നടക്കുന്നുണ്ട്. പാലയിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പനെ മുന്നണിയിൽ നിലനിർത്തിക്കൊണ്ടുള്ള ഒരു മാറ്റമാണ് കോൺഗ്രസ് വിഭാവനം ചെയ്യുന്നത്.

