ചലച്ചിത്ര അവാർഡ് ശില്പം തലയ്ക്കു പിടിക്കുമ്പോൾ
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് നൽകുന്ന സ്ത്രീ രൂപത്തിലുള്ള ശിൽപം വലിയ വിവാദങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.സംസ്ഥാന സർക്കാർ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ 1970 മുതൽ നിലവിലുള്ളതാണു പുരസ്കാര ജേതാക്കൾക്കു നൽകുന്ന സ്ത്രീ രൂപത്തിലുള്ള ശിൽപം. വ്യവസായ സെക്രട്ടറിയായിരിക്കെ ചലച്ചിത്ര പുരസ്കാരം ആരംഭിക്കാൻ മുൻകയ്യെടുത്ത എഴുത്തുകാരനും ചിത്രകാരനുമായ മലയാറ്റൂർ രാമകൃഷ്ണനാണ് ആ ശിൽപത്തിന്റെ രൂപകൽപന നടത്തിയത്. അന്തിമരൂപം നൽകിയത് പ്രമുഖ ശിൽപിയായ എം.ആർ.ഡി. ദത്തനാണ്. തുടക്കത്തിൽ ഓട് കൊണ്ടു നിർമിച്ച ശിൽപത്തിന്റെ പീഠം ഉരുണ്ടതായിരുന്നു. പിന്നീടാണ് ചതുരമാകുന്നത്. 47 സെന്റിമീറ്റർ ഉയരമുള്ള ശിൽപത്തിന് ശരാശരി 4.2 കിലോഗ്രാമാണു ഭാരം. ആ ഭാരം ഇടക്കാലത്തു കുറച്ചു . അതിനു നിമിത്തമായതു മുഖ്യമന്ത്രിയായിരിക്കെ കെ.കരുണാകരനു സംഭവിച്ച കാറപടകമാണ്. അപകടത്തെ തുടർന്ന് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട മുഖ്യമന്ത്രിക്കു ഭാരമുള്ള ശിൽപം വിതരണം ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ 3 വർഷം അകം പൊള്ളയായ തരത്തിൽ മെറ്റൽ ഷീറ്റ് ഉപയോഗിച്ചാണു ശിൽപം നിർമിച്ചത്. പിന്നീട് വീണ്ടും ഓടിൽ പഴയ രീതിയിലുള്ള ശിൽപങ്ങളായി. സാംസ്കാരിക വകുപ്പിനു കീഴിൽ ചലച്ചിത്ര അക്കാദമി രൂപീകരിച്ച് പുരസ്കാരച്ചുമതല ഏൽപിച്ചത് 1998 ലാണ്