BreakingKeralaLOCAL

ചരിത്ര നേട്ടത്തിൽ കൊച്ചി മെട്രോ

കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടിരിക്കുന്നു. കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തത് 10,33,59,586 പേർ.

എറണാകുളം : 2023 അവസാനിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ ഒരു നാഴികക്കല്ല് പിന്നിടുകയാണ് കൊച്ചി മെട്രോ. കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടിരിക്കുന്നു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തത്. വെറും ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്.

2021 ഡിസംബർ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനം 2022 ജൂലൈ 14ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 4 കോടിയാളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. 2023ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് ഉണ്ടായത്. വിദ്യാർത്ഥികൾക്കുൾപ്പെടെയുള്ള വിവിധ യാത്ര പാസ്സുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ കെഎംആർഎൽ അധികൃതർ നടത്തിയ തുടർച്ചയായ പരിശ്രമങ്ങൾ ഫലം കണ്ടുവെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശ്രീ.ലോക്നാഥ് ബെഹ്റ അറിയിച്ചു.

2023 ജനുവരിയിൽ 79130 ആയിരുന്ന ശരാശരി യാത്രക്കാരുടെ എണ്ണം ഡിസംബറിൽ 94000 ആയി ഉയർന്നിരിക്കുന്നു. ഈ വർഷം 40 ദിവസമാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. 2023 ഒക്ടോബർ 21നാണ് കൊച്ചി മെട്രോയിൽ ഈ വർഷം ഇതുവരെ ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത്. 132,161 ആളുകളാണ് അന്നേദിവസം യാത്ര ചെയ്തത്. ടിക്കറ്റ് ഇനത്തിൽ കൊച്ചി മെട്രോ ഏറ്റവുമധികം വരുമാനം നേടിയതും 2023 ഒക്ടോബർ 21നാണ്. നിർമ്മാണം പൂർത്തിയായി തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.

സാങ്കേതികവിദ്യയിൽ മറ്റ് മെട്രോകളെ പിന്നിലാക്കി കൊച്ചി മെട്രോ മുന്നോട്ടുവച്ച മാതൃകയിലൂടെ കെഎംആർഎല്ലിന് പ്രവർത്തന ചെലവുകളെ പിടിച്ചുനിർത്തുവാൻ സാധിച്ചു. പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്ന മഴവെള്ള സംഭരണം, സൌരോർജ്ജ പദ്ധതികൾ എന്നിവയും കൊച്ചി മെട്രോയെ വേറിട്ടതാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *