കാണികളെ അമ്പരപ്പിച്ച് 14 കാരൻ കോടിപതി
ഹരിയാന: മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ആതിഥേയത്വം വഹിക്കുന്ന ജനപ്രിയ ഗെയിം ഷോ ആണ് ‘കോൻ ബനേഗാ ക്രോർപതി’. കേരളത്തിൽ ഏറെ ശ്രദ്ധനേടിയ ‘കോടീശ്വരൻ’, ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ തുടങ്ങിയ പരിപാടികളുടെ എല്ലാം പ്രചോദനം ഹിന്ദിയിൽ സൂപ്പർ ഹിറ്റായ ഈ ഷോ ആയിരുന്നു.
മത്സരത്തിൽ പലരും ‘കോടിപതി’ ആയിട്ടുണ്ടെങ്കിലും, കഴിഞ്ഞ ദിവസം മത്സരത്തിൽ വിജയിച്ച് കോടിപതിയായ 14 കാരനാണ് ഇപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ഹരിയാനയിൽ നിന്നുള്ള മയങ്ക് ആണ് മത്സരം വിജയിച്ച് സമ്മാനത്തുകയായ ഒരുകോടി രൂപ നേടിയത്.
ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിയാണ് മയങ്ക്. ചൊവ്വാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് മയങ്ക് അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വച്ചത്. ഒരു എട്ടാം ക്ലാസുകാരൻ ലൈഫ് ലൈൻ പോലും ഉപയോഗിക്കാതെ 3.2 ലക്ഷം രൂപ വിജയിച്ചപ്പോൾ തന്നെ എല്ലാവരും അമ്പരന്നിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കുന്ന കെബിസി ജൂനിയേഴ്സ് വീക്കിന്റെ ഭാഗമായിരുന്നു എപ്പിസോഡ്. തുടർന്ന് 12.5 ലക്ഷം രൂപയുടെ ചോദ്യത്തിന് മയങ്ക് തന്റെ ആദ്യ ലൈഫ് ലൈൻ ഉപയോഗിച്ചു. കാണികളെ ഇളക്കിമറിച്ച്, ഒരുകോടി രൂപയുടെ മെഗാ ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോൾ മയങ്കിന്റെ കണ്ണുകൾ ആനന്ദാശ്രുവിൽ കുതിർന്നിരുന്നു.
ഇതോടെ ഒരു കോടി രൂപ നേടുന്ന ആദ്യ ജൂനിയർ മത്സരാർത്ഥിയെന്ന ബഹുമതിക്കും മയങ്ക് അർഹനായി. മത്സരത്തിൽ വീണ്ടും തുടർന്ന് ഏഴ് കോടി രൂപയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഗെയിമിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
മായങ്ക് തന്റെ പിതാവിനോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം ഷോയിൽ നിന്നുള്ള വീഡിയോയും പങ്കിട്ട ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മയങ്കിനെ അഭിനന്ദിച്ചു. ‘ജീനിയസ്’ എന്നാണ് മുഖ്യമന്ത്രി മയങ്കിനെ വിശേഷിപ്പിച്ചത്.