BreakingCrimeKeralaOthers

ഐസിയു പീഡന കേസ് :നഴ്സിംഗ് ഓഫീസറുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

കോഴിക്കോട്: ഐസിയു പീഡന കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് ഓഫീസറുടെ സ്ഥലം മാറ്റത്തിന് സ്റ്റേ. ചീഫ് നഴ്സിംഗ് ഓഫീസര്‍ വി പി സുമതിയുടെ സ്ഥലം മാറ്റത്തിനാണ് സ്റ്റേ ലഭിച്ചത്. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ രണ്ട് മാസത്തേക്കാണ് സ്ഥലം മാറ്റം സ്റ്റേ ചെയ്തത്.

അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍, ചീഫ് നഴ്സിംഗ് ഓഫീസര്‍, നഴ്സിംഗ് സൂപ്രണ്ട് എന്നിവര്‍ നിരുത്തരവാദപരമായ സമീപനവും പരസ്പര വിശ്വാസമില്ലാതെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിയെന്നും ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അവര്‍ അഡ്മിനിസ്ടേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.

ചീഫ് നഴ്സിംഗ് ഓഫീസറെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും നഴ്സിംഗ് സൂപ്രണ്ടിനെ കോന്നി മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റിയത്. ഇരുവരോടും വിശദീകരണം പോലും ചോദിക്കാതെയാണ് മാറ്റിയതെന്നായിരുന്നു ആരോപണം. പീഡനത്തിനിരയായ അതിജീവിതയെ വാര്‍ഡിലെത്തി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അഞ്ച് യൂണിയന്‍ പ്രവര്‍ത്തകരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇവരുടെ പേരുകള്‍ ആരാണ് പറഞ്ഞു കൊടുത്തതെന്ന് ഡിഎംഇ നിയോഗിച്ച അന്വേഷണ സംഘം അന്വേഷിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ചയായിരുന്നു ഐസിയു പീഡന കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചീഫ് നഴ്സിംഗ് ഓഫീസര്‍ക്കും നഴ്സിംഗ് സൂപ്രണ്ടിനുമാണ് സ്ഥലം മാറ്റം ലഭിച്ചത്. കേസ് സംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നടപടി. അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ച് യൂണിയന്‍ നേതാക്കളുടെ പേരുകള്‍ പറഞ്ഞ് കൊടുത്തത് ഇവരാണെന്ന സംശയത്തില്‍ സ്ഥലം മാറ്റിയതെന്നായിരുന്നു ആരോപണം. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *