150 കെപിസിസി സെക്രട്ടറിമാർ
തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസില്‍ ഐക്യം ഊട്ടിയുറപ്പിക്കാനായി വീണ്ടും ജംബോ കമ്മിറ്റി. പുനസംഘടയുടെ ഭാഗമായി 150 കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാനൊരുങ്ങുന്നതായാണ് ലഭ്യമാവുന്ന വിവരം. 300 പേരടങ്ങുന്ന കെപിസിസി സെക്രട്ടറിമാരുടെ പട്ടികയാണ് സണ്ണി ജോസഫ് കഴിഞ്ഞ ദിവസം എഐസിസി നേതൃത്വത്തിന് സമര്‍പ്പിച്ചത്. പട്ടിക ചുരുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സെക്രട്ടറിമാരുടെ എണ്ണം 150 ആയി വെട്ടിച്ചുരുക്കിയിരിക്കയാണ്. 140 നിയമസഭാ മണ്ഡലങ്ങളിലായി ഓരോ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കും. തദ്ദേശ തിരഞ്ഞെടുപ്പും തുടര്‍ന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അതാത് മണ്ഡലങ്ങളില്‍ ചലിപ്പിക്കാനുള്ള ചുമതല ഇവര്‍ക്കായിരിക്കും. സെക്രട്ടറിമാരുടെ അന്തിമ പട്ടിക ഉടന്‍ കെപിസിസി അംഗീകാരം നല്കി എഐസിസിയെ ഏല്‍പ്പിക്കും. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാവും. ഇതോടെ കെപിസിസി പുനസംഘടന പൂര്‍ത്തിയാവും.
കോണ്‍ഗ്രസില്‍ അസംതൃപ്തരായി കഴിയുന്നവരേയും മറ്റും കെപിസിസി സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നടത്തുന്നത്. 59 അംഗ കെ പി സി സി ജന. സെക്രട്ടറിമാരുടെ പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജംബോ കമ്മിറ്റിയെന്ന ആരോപണം നിലനില്‍ക്കെയാണ് സെക്രട്ടറിമാരെ കുത്തിനിറച്ചുള്ള മറ്റൊരു സൂപ്പര്‍ ജംബോ കമ്മിറ്റി കൂടി പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്നതാണ് കൗതുകം.

