ഭരണം പിടിച്ചെടുക്കാന്‍ കർമ്മപദ്ധതിയൊരുക്കി കെ പി സി സി
സുല്‍ത്താന്‍ബത്തേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കാന്‍ കർമ്മപദ്ധതിയൊരുക്കി കെ പി സി സി എക്‌സിക്യൂട്ടീവ് ക്യാമ്പ്. ആറ് കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല മുതിർന്ന നേതാക്കൾക്കാണ് നൽകിയിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയാണ് രണ്ട് ദിവസമായി വയനാട് സുല്‍ത്താന്‍ബത്തേരിയിൽ ചേര്‍ന്ന കെ പി സി സി എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചത്.
ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുക എന്നതാണ് യോഗത്തിൻ്റെ പൊതു തീരുമാനം. അതിനാവശ്യമായ കര്‍മ്മപദ്ധതികളും പ്രവര്‍ത്തന രേഖയും രണ്ടുദിവസമായി നടന്ന ക്യാമ്പ് എക്‌സിക്യൂട്ടിവില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്ത് രൂപം നല്‍കി. കണ്ണൂര്‍ നഗരസഭയുടെ ചുമതല കെ പി സി സി പ്രസിഡൻ്റ് കെ സുധാകരന്‍ എം പിക്കും എറണാകുളം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയ്ക്കും തൃശ്ശൂര്‍ എഐസിസി സെക്രട്ടറി റോജി എം ജോണിനും കൊല്ലം മുന്‍ മന്ത്രി വി എസ് ശിവകുമാറിനും തിരുവനന്തപുരം പി സി വിഷ്ണുനാഥിനും നല്‍കി.

