ദുരന്തബാധിതർക്ക് കെഎസ്എഫ്ഇ വക ക്രൂരത
മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് ചൂരൽമല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവർക്കാണ് കെഎസ്എഫ്ഇയിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചത്
തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് ജപ്തി നോട്ടീസ് നൽകിയ കെഎസ്എഫ്ഇ നടപടി വിവാദത്തിൽ.വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കെഎസ്എഫ്ഇ ചെയര്മാൻ കെ വരദരാജൻ. വയനാട് ദുരന്തബാധിതര്‍ക്ക് നോട്ടീസ് നൽകിയ നടപടി നിര്‍ത്തിവെക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തബാധിതരെ റിക്കവറി നടപടകളിൽ നിന്ന് ഒഴിവാക്കുമെന്ന് ചെയര്മാൻ വരദരാജൻ പറഞ്ഞു. നോട്ടീസ് കൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണിത്. വയനാട് ദുരന്ത ബാധിതര്‍ക്കെതിരെ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് തീരുമാനം എടുത്തിരുന്നതാണ്. അങ്ങനയിരിക്കെ ഇത്തരത്തിൽ നോട്ടീസ് നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ കോഴിക്കോട് കെഎസ്എഫ്ഇ റിജ്യണൽ മേധാവിയോട് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും വരദരാജൻ പറഞ്ഞു.
മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് ചൂരൽമല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവർക്കാണ് കെഎസ്എഫ്ഇയിൽ നിന്നും നോട്ടീസ് ലഭിച്ചത്. വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായി താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്. ജീവിക്കാൻ പോലും വഴിയില്ലാതെ ദുരിതത്തിൽ കഴിയുന്നതിനിടെയാണ് പണം അടക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ്. ഇത്തരമൊരു നടപടി ഇപ്പോള്‍ ഒഴിവാക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ദുരിത ബാധിതരിൽ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു.
ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ അപ്രതീക്ഷിത നടപടി.