BreakingKerala

കെ.എസ്.ആർ.ടി.സി വഴി കള്ളക്കടത്ത്

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി. വീണ്ടും ചർച്ചകളിൽ നിറയുകയാണ്. കെഎസ്ആർടിസിയെ നവീകരിക്കാൻ കൂടെ നിൽക്കാം എന്ന് കേരള ഹൈക്കോടതിയും കഴിഞ്ഞദിവസം വാക്കാൽ സൂചിപ്പിച്ചു കഴിഞ്ഞു. എന്നാൽ കെഎസ്ആർടിസി ജീവനക്കാർ തങ്ങളുടെ ജോലി സത്യസന്ധതയോടെ ആത്മാർത്ഥതയോടെ ചെയ്യുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി സൂചന. ബസുകളിൽ മദ്യവും അരിയും കടത്തിയതിന് കഴിഞ്ഞ രണ്ടുവർഷത്തിനിടെ മാത്രം ആറുജീവനക്കാർ സസ്പെൻഷനിലായതായി രേഖകൾ. മൂന്നിലേറെ തവണ അരി കടത്തിയതിന് പിടിയിലായ കണ്ടക്ടറും ഇക്കൂട്ടത്തിലുണ്ട്. കോയമ്പത്തൂർ ബസുകളിൽ പലപ്പോഴും തുണിത്തരങ്ങൾ കയറി കയറ്റി കൊണ്ടുവരുന്നതായി മെട്രോ കേരള ഓൺലൈനു സൂചനകൾ ലഭിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള തുണിത്തരങ്ങൾക്ക് കേരളത്തിലെ കുറവാണ് കോയമ്പത്തൂരിൽ. കെഎസ്ആർടിസി ജീവനക്കാരെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിക്കുന്നത്.
അരികടത്തിയവരും മദ്യക്കടത്തുകാരും ജീവനക്കാർക്കിടയിലുണ്ടെന്ന, സി.എം.ഡി. ബിജു പ്രഭാകറിന്റെ പരാമർശത്തെത്തുടർന്ന് നടപടിയെടുക്കാത്തത് വീഴ്ചയാണെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ, കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം നടത്തിയ പരിശോധനകളിൽ ഒട്ടേറെപ്പേർ സസ്‌പെൻഷനിലായിട്ടുണ്ടെന്ന് രേഖകളിൽനിന്നു വ്യക്തമാണ്.

മിനിലോറിയിൽ കയറ്റേണ്ട ലോഡ് ബസിൽ കയറ്റുന്നവരും ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരം- നാഗർകോവിൽ ബസിൽനിന്ന്‌ 18 ചാക്ക് അരിയാണ് കണ്ടെടുത്തത്. ഇതിൽ പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു.

ചെങ്ങന്നൂർ ഡിപ്പോയിലെ സൂപ്പർഫാസ്റ്റിൽനിന്ന്‌ 20 കുപ്പി വിദേശമദ്യം കണ്ടെത്തി. കണ്ടക്ടർ സീറ്റിന് അടിയിലാണ് മദ്യം പൊതിഞ്ഞുസൂക്ഷിച്ചിരുന്നത്. മാഹിനിർമിത മദ്യം വിൽപ്പനയ്ക്കുവേണ്ടിയാണ് കടത്തിയത്. സംഭവത്തിൽ ഡ്രൈവർ കം കണ്ടക്ടറെ സസ്പെൻഡ്‌ചെയ്തിരുന്നു.

തിരുവനന്തപുരം-തെങ്കാശി ബസിൽനിന്ന്‌ 16 ചാക്ക് തമിഴ്‌നാട് റേഷനരി പിടികൂടിയതും അടുത്തിടെയാണ്. ആര്യങ്കാവിന് സമീപം പുളിയറയിൽവെച്ച് പരിശോധന നടത്തിയ വിജിലൻസ് സ്ക്വാഡാണ് റേഷനരി പിടിച്ചത്. സംഭവത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.

30 ലിറ്റർ വിദേശമദ്യം കടത്തിയ കേസിൽ അറസ്റ്റിലായ കോഴിക്കോട് യൂണിറ്റിലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട് ബസ് ടെർമിനലിലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് കാബിനിൽനിന്ന്‌ എക്സൈസ് ഉദ്യോഗസ്ഥർ വിദേശമദ്യം പിടികൂടിയിരുന്നു. പുതുച്ചേരി നിർമിത മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഈ കേസുകളിലെല്ലാം അന്വേഷണം തുടരുന്നുണ്ട്.

മുത്തങ്ങ ചെക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിൽനിന്ന്‌ 40 ലക്ഷം രൂപ കണ്ടെടുത്തതാണ് അവസാന സംഭവം. ബസിന്റെ ലഗേജ് ബോക്സിൽ നിന്നാണ് പണം പിടികൂടിയത്. ബെംഗളൂരുവിൽനിന്നും ജീവനക്കാരുടെ സഹായത്തോടെ കടത്തിയ തുകയാണ് എക്സൈസ് കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *