Kavitha

ചിത്രം വരയ്ക്കുന്ന കുട്ടി

കവിത

ചിഞ്ചു റോസാ

കവിതയിലുള്ള കുട്ടി
അരികത്തിരുന്നു വരയ്ക്കുന്ന അച്ഛനോട്
കഥ പറയാനാവശ്യപ്പെടുകയാണ്.
കുട്ടിക്ക് കഥ കേൾക്കണം
മൂന്നു വയസ്സുകാരിയുടെ വാശി…!

അച്ഛൻ പതിയെ ചായക്കൂട്ടുകൾ
മോൾക്ക് കൈമാറി.
അച്ഛന്റ്റെ ജല ചായത്തിന്റെ
വക്ക് പൊട്ടിയ മൂലയിൽ നിന്നും
ഗുളികകൾ പോലുള്ള
ചായ കട്ടകൾ ഊർന്നിറങ്ങി
കുട്ടിയുടെ അരികിലേക്ക്..

അച്ഛനും കുഞ്ഞും വരച്ചു തുടങ്ങുമ്പോൾ
ക്യാൻവാസിലേക്ക് ഒരു കടൽ
കര കവിഞ്ഞൊഴുകി,
കൂടെ മത്സ്യങ്ങൾ..
നക്ഷത്രമീനുകൾ..
കടലാമകൾ..

വാസ്തവത്തിൽ അവർ
പൂക്കളെയാണ് വരച്ചു തുടങ്ങിയത്.
അതിലേക്കാണ്
തലേന്ന് പെയ്ത മഴയിൽ നിന്നൊരു കടൽ ചെന്നത്.
കുട്ടിയുടെ വിരൽ തൊടുന്നിടമൊക്കെ
നക്ഷത്രം ചിമ്മുന്നു.

കുട്ടി വരക്കുമ്പോൾ
മഴവിൽ തെളിയുന്നു.
കാക്ക കൊത്തിയിട്ട
മാമ്പഴം പോലൊരു മഞ്ഞ സൂര്യൻ..!
പച്ച പൊട്ട് പോലുള്ള ഭൂമി..!
നീല വാരി പൂശിയ ആകാശം..!
ക്യാൻവാസിൽ നിന്നും പാറി പോകുന്ന പൂമ്പാറ്റകൾ..!
പാതി നിറം പൂശിയ ചിറകുകളുമായി
ഒരായിരം ചിത്രശലഭങ്ങൾ..!
ലോകം നിറയെ..!

കുഞ്ഞു വിരൽത്തുമ്പിൽ നിന്നൊരു നദി പുറപ്പെട്ടു,
അമ്മയുടെ ചേല നനക്കുന്നു..!
ഭൂമി നിറക്കുന്നു..!
ഏതോ ജൈവിക പ്രേരണയിൽ
അമ്മയാ കുഞ്ഞിവായ് പിളർത്തുമ്പോൾ
മൂലോകം തെളിഞ്ഞു വരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *