Others

സൗഹൃദം പങ്കുവെക്കാനുള്ള കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം: സാദിഖലി ശിഹാബ് തങ്ങള്‍

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പുരസ്‌കാരം(ഡോ.അര്‍ജുന്‍ സിംഗ് അവാര്‍ഡ്) തൊടുപുഴ അല്‍ അസ്ഹര്‍ ഗ്രൂപ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ചെയര്‍മാന്‍ കെ. എം മൂസ ഹാജിക്ക് സമ്മാനിച്ചു.
കൊച്ചി : പങ്കുവെക്കലുകള്‍ക്കും കൂടിയിരിക്കലുകള്‍ക്കും സമയം കണ്ടെത്താനാകാത്ത ഇന്നത്തെ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൗഹൃദം പങ്കുവെക്കാനുള്ള കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബഹുസ്വരത വളര്‍ത്താനും ജാതി മത വേര്‍തിരിവുകള്‍ സമൂഹത്തില്‍ ഇല്ലാതാക്കാനും വിദ്യാഭ്യാസം കൊണ്ട് കഴിയണം. സൗഹൃദം പുതുക്കാനുള്ള മേഖലയായി വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും മാറ്റണം. മതം ജാതി പ്രത്യയശാസ്ത്രം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള അകല്‍ച്ചകള്‍ക്ക് വേണ്ടി പ്രത്യേക ലോബി തന്നെ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ അത്തരത്തിലുള്ള വേര്‍തിരിവിലേക്ക് പോകാതെ വിദ്യാര്‍ത്ഥികളേയും അതു വഴി സമൂഹത്തേയും രക്ഷിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണമെന്നും തങ്ങള്‍ പറഞ്ഞു
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിക്ക് നല്‍കുന്ന ഡോ.അര്‍ജുന്‍ സിംഗ് അവാര്‍ഡ് തൊടുപുഴ അല്‍ അസ്ഹര്‍ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ കെ. എം മൂസ ഹാജിക്ക് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരത വളരുന്ന ഇടമായി തൊഴിലിടങ്ങള്‍ മാറിയിട്ടുണ്ട്. ജോലിക്കാര്‍ക്കിടയില്‍ പങ്കുവെക്കല്‍ കാര്യമായി നടക്കുന്നു. ഈ പങ്കുവെക്കലുകളും കൂടിയിരിക്കലുകളും എല്ലാ മേഖലയിലേക്കും വളരണമെന്നും തങ്ങള്‍ പറഞ്ഞു.
ലോകം മുഴുവന്‍ വിദ്യാഭ്യാസ മേഖലക്ക് വന്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ടു പോകുന്നത്.ഈ മേഖലയിലെ മാറ്റങ്ങളും സങ്കീര്‍ണ്ണതകളും ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ പ്രതീക്ഷക്കൊത്തുയരാനും അതനുസരിച്ച് സംഭാവനകള്‍ നല്‍കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. നമ്മുടെ സര്‍ക്കാരുകള്‍ ബജറ്റില്‍ തുക മാറ്റി വെക്കുന്നുണ്ടെങ്കിലും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലക്കനുസരിച്ച് മുന്നേറാന്‍ കഴിയുന്നില്ല. വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തോടെ വിദ്യാഭ്യാസ രംഗം കുതിക്കുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗമിക്കുകയും വിവര സാങ്കേതിക വിദ്യ കാര്യമായി കടന്നുവരവ് നടത്തുകയും ചെയ്തതോടെ അതിനൊപ്പം ഓടിയെത്താന്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് കഴിയുന്നില്ല. ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന മേഖലയായി വിദ്യാഭ്യാസ മേഖല മാറിയിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ മേഖലയുടെ പ്രാധാന്യം സര്‍ക്കാറുകള്‍ തിരിച്ചറിയണം. യൂണിവേഴ്‌സിറ്റികളുടെ സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെ ലോകത്ത് വിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റങ്ങള്‍ ഇന്ത്യയിലും വന്നു കഴിഞ്ഞു. സ്വകാര്യ മേഖലയ്ക്ക് വിദ്യാഭ്യാസ രംഗത്ത് വലിയ പങ്കുവഹിക്കാനാകുമെന്നാണ് ഇത് തെളിയിക്കുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് മിഷണറിമാര്‍ കാണിച്ച മാതൃക അഭിനന്ദനാര്‍ഹമാണ്. മറ്റു മതവിഭാഗങ്ങളും ഈ മാതൃകയെ പിന്‍പറ്റുകയായിരുന്നെന്നും തങ്ങള്‍ പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു.ഹൈബി ഈഡന്‍ എം.പി കെ. എം മൂസ ഹാജിക്ക് അനുമോദന പത്രിക സമര്‍പിച്ചു. ഉമാ തോമസ് എം. എല്‍. എ, മുന്‍ എം എല്‍. എ ടി. എ അഹമ്മദ് കബീര്‍ , ബിഷപ്പ് ഡോ. ഏലിയാസ് മാര്‍ അത്താനിയോസ്, സ്വാമി ആത്മദാസ് യമി, കെ.എം പരീദ്,അഡ്വ.മുഹമ്മദ് ഷാ,ഹംസ പാറക്കാട്ട്്്,അഡ്വ.വി.ഇ അബ്ദുല്‍ ഗഫൂര്‍,വര്‍ഗീസ് കുര്യന്‍,അഡ്വ.വി.കെ ബീരാന്‍,അഡ്വ.കെ.എ റഷീദ്,അഡ്വ.ടി.പി.എം.ഇബ്രാഹിം ഖാന്‍,എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്് ,സുബൈര്‍ നെല്ലിക്കാപ്പറമ്പ്, നടുക്കണ്ടി അബൂബക്കര്‍, നിസാര്‍ ഒളവണ്ണ, സി.മുഹമ്മദ് കുഞ്ഞി,അഹമ്മദ് പുന്നക്കല്‍ പ്രസംഗിച്ചു.കെ. എം മൂസ ഹാജി മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ സലീം കൈപ്പാടം സ്വാഗതവും ന്യൂനപക്ഷ സമിതി വൈസ് പ്രസിഡണ്ട്് ക്രസന്റ് മുഹമ്മദലി നന്ദിയുംപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *