മലയാളം വാനോളം, ലാൽസലാം’
തിരുവനന്തപുരം : ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ഇന്ന് ആദരിക്കും. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. പരിപാടിയിൽ പൊതു ജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
പരിപാടിയിൽ ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖരും പങ്കെടുക്കും. മന്ത്രിമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും പരിപാടിയിലെത്തും. ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പൊലീസ്, ഗതാഗതം, ഫയർ ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടിയുടെ ക്രമീകരണം. പ്രത്യേക പരിശീലനം ലഭിച്ച വോളൻ്റിയർമാരുമുണ്ട്. കാലാവസ്ഥ പരിഗണിച്ചാണ് സ്റ്റേഡിയത്തിലെ പന്തൽ ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

