എം എസ് സ്വാമിനാഥന്റെ വേർപാട് കാർഷിക മേഖലയ്ക്ക് തീരാ നഷ്ടം . പി.ജെ.ജോസഫ്
തൊടുപുഴ :സുസ്ഥിര വികസനം, സുസ്ഥിര കൃഷി എന്നീ ആശയങ്ങളിൽ നിലയുറപ്പിച്ച് ഹരിത വിപ്ലവത്തിനു നേതൃത്വം നൽകിയ, രാജ്യത്തിന്റെ കാർഷിക മേഖലയ്ക്ക് അമൂല്യമായ സംഭാവന ചെയ്ത കൃഷി ശാസ്ത്രജ്ഞനായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ എം എസ് സ്വാമിനാഥനെന്നു പി.ജെ.ജോസഫ്.കർഷകനെ സംരക്ഷിക്കാൻ കാർഷികോത്പ്പന്നങ്ങൾക്ക് താങ്ങുവിലയായി ഉല്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി എങ്കിലും കർഷകന് ഉറപ്പാക്കണമെന്ന ആശയം അദ്ദേഹത്തിന്റേതാണ്. ഇന്ത്യയിൽ നിറഞ്ഞു നിന്നു പ്രവർത്തിച്ച അദ്ദേഹം ഹരിത വിപ്ലവവുമായി മുന്നോട്ടു നീങ്ങുമ്പോൾ വലിയ തോതിലുള്ള കീടനാശിനി പ്രയോഗവും രാസവള പ്രയോഗവും മണ്ണിന്റെ ജീവൻ നഷ്ടപ്പെടുത്തുമെന്ന് ഉറച്ചു വിശ്വസിച്ചു. ജൈവ കൃഷിയുടെ പ്രാധാന്യവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ അനിവാര്യതയും വ്യക്തമാക്കി. കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. സ്വാമിനാഥന്റെ വിയോഗം കാർഷിക മേഖലയ്ക്കെന്നും തീരാനഷ്ടം തന്നെയാണെന്നും പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു.