BreakingExclusiveKeralaOthers

മുകേഷ്, എംഎൽഎ സ്ഥാനം രാജിവെച്ചേക്കും

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തുവന്ന ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന നടൻ മുകേഷ്, എംഎൽഎ സ്ഥാനം രാജിവെക്കാൻ സാധ്യതയേറുന്നു. മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കി. മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സാറാ ജോസഫ്, കെ.അജിത, കെ.ആർ. മീര, രേഖാ രാജ്, സി.എസ്. ചന്ദ്രിക അടക്കമുള്ളവര്‍ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മുകേഷ് നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണെന്നു പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ തന്നെ മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഗാർഹിക പീഡനം, ബലാൽസംഗം, തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങൾ മുകേഷിന്റെ പേരിലുണ്ട്. നിയമനിർമാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്തമുള്ള പദവിയാണ് എംഎൽഎ സ്ഥാനം. സിനിമാ മേഖലയിൽനിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ സിനിമാ നയം രൂപീകരിക്കുന്ന സമിതിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണെന്നും പ്രസ്താവനയിൽ പറയുന്നു.
‘‘ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. അതിന് തയാറാകാത്ത സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാൻ സർക്കാർ തയാറാകണം. സിനിമ നയരൂപീകരണ സമിതിയിൽ നിന്നും സിനിമ കോൺക്ലേവിന്റെ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും വേണം. അല്ലാത്തപക്ഷം മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന്‌ ഓർമപ്പെടുത്തുന്നു’’ – പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *