തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുത്ത കേസില്‍ പ്രതിയായ അസി. ജയില്‍ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: പണം വാങ്ങി ജയിലിലെ തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുത്ത കേസില്‍ പ്രതിയായ അസി. ജയില്‍ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി. വിയ്യൂര്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എറണാകുളം കാലടി അട്ടിയാട്ടുകര അജുമോന്റെ മുന്‍കൂര്‍
ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് ജി. ഗിരീഷ് തള്ളിയത്. തടവുകാര്‍ക്ക് ബീഡിയും ഹാന്‍സും വാങ്ങിക്കൊടുത്തുവെന്നതാണ് കേസ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജൂണ്‍ 25ന് രാവിലെ ആറിന് ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.
കിച്ചന്‍ ബ്ലോക്കിനടുത്തും സെല്ലുകള്‍ക്കടുത്തും നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. പരിശോധനയില്‍ 12 കെട്ട് ബീഡിയും 12 ബണ്ടില്‍ ഹാന്‍സും കണ്ടെടുത്തിരുന്നു. അജുമോന്‍ തടവുകാരുടെ ബന്ധുക്കളില്‍നിന്നും ഗൂഗിള്‍ പേ മുഖേനെ പണം വാങ്ങി ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കുന്നതായി മറ്റൊരു അസി. സൂപ്രണ്ടായ ഡി.എസ്. രാഹുലിനോട് തടവുകാര്‍ അറിയിച്ചിരുന്നു. ഇക്കാര്യം അന്വഷിക്കണമെന്നാവശ്യപ്പെട്ട് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ അന്വേഷണത്തെ തുടര്‍ന്ന് നിരോധിതവസ്തുക്കള്‍ ഉപയോഗിച്ച തടവുകാര്‍ മാപ്പപേക്ഷയും നല്‍കി