മരിച്ചവരുടെ എണ്ണം 174 കടന്നു
കൽപ്പറ്റ: നാടിനെയാകെ കണ്ണീർക്കയത്തിലാക്കിയ വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 174ആയി.ഇരുന്നൂറോളം പേരെ കാണാനില്ലെന്നാണ് ഔദോഗീകമായി ലഭിക്കുന്ന വിവരം. എന്നാൽ 200പേരെയോളം കാണാനില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനം പ്രതികൂല കാലാവസ്ഥയും ഗതാഗക സംവിധാനങ്ങളുടെ കുറവും മൂലം ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് അവസാനിപ്പിച്ചിച്ചത്. എട്ട് ക്യാമ്പുകളിലായി 1222 പേരാണ് കഴിയുന്നത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അഗ്‌നിശമനസേനയുടെ തിരച്ചിൽ ഏഴ് മണിയോടെ തുടങ്ങി. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. രക്ഷാദൗത്യത്തിനായി നിരവധി സന്നദ്ധപ്രവർത്തകരും സ്ഥലത്തുണ്ട്.
അർധരാത്രിയിലെ ഉരുൾപൊട്ടൽ ഒന്നുമറിയാതെ കിടന്നുറങ്ങിയ നിരവധിപേരുടെ ജീവനുകളാണ് കവർന്നെടുത്തത്. വൈത്തിരി താലൂക്കിലെ മേപ്പാടി മുണ്ടക്കൈയും ചൂരൽമലയും കേരളത്തിന്റെ കണ്ണീരായി മാറുകയാണ്. ആർത്തലച്ചെത്തിയ മലവെള്ളപാച്ചിലിൽ എത്ര ജീവനുകൾ കുടുങ്ങിയിട്ടുണ്ടെന്നും നിശ്ചയമില്ല. വയനാട്ടിലുണ്ടായത് ഹൃദയഭേദകമായ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ടെടുത്തവരിൽ 56പേരുടെ പോസ്റ്റ്മാർട്ടം നടപടി പൂർത്തിയായി.ഇരുന്നൂറോളം പേരെ കാണാതായിട്ടുണ്ട്.മേപ്പാടി ആശൂപത്രിയിൽ 110 പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് സ്വകാര്യ ആശൂപത്രികളിൽ എട്ട് പേരുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് പുഴയിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവ നിലമ്പൂരിലെ സ്വകാര്യ ആശൂപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ള പാച്ചിലിൽ നിരവധിപേർ ഒഴുകിപോയിട്ടുണ്ടെന്നും രക്ഷാപ്രവർത്തകർ പറയുന്നു. മുണ്ടക്കൈ ഭാഗത്ത് 200ലധികം പേർ സമീപത്തുള്ള കുന്നിൻമുകളിലും റിസോർട്ടിലും അഭയം തേടിയിരിക്കുകയാണ്. പ്രദേശത്തേക്കുള്ള ഗതാഗത വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു.
പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്‌കൂളിനു സമീപവും ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. മുണ്ടക്കൈയിൽ ഒരുപാട് ആളുകൾ ഇനിയും മണ്ണിനടിയിലാണ്. രക്ഷപ്പെടാൻ വേണ്ടി ആളുകൾ പരക്കം പായുകയാണ്. അതിനിടെ പെരുവെള്ളപ്പാച്ചിൽ മരണദൂതുമായി ഇരച്ചെത്തി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്‌കൂൾ ഒന്നാകെ ചെളിവെള്ളത്തിൽ മുങ്ങി.മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂർണമായും തകർന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. ഒട്ടേറെ കുടുംബങ്ങൾ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സൈന്യത്തിന്റെ ഹെലികോപ്റ്റർ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഇത് വൈകുമെന്നാണ് സൂചന.വനത്തിലൂടെ സ്ഥലത്തെത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം സാധിക്കുന്നില്ല.