ഫൈനൽ പ്രവേശം രാജകീയമാക്കി നീരജ്
ഫൈനൽ യോഗ്യതയ്ക്ക് വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ചാണ് നീരജ് ഫൈനൽ പ്രവേശം
രാജകീയമാക്കിയത്
പാരിസ്: പാരിസ് ഒളിക്സിൽ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ജാവലിൻ ത്രോയിൽ ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിനു യോഗ്യത നേടി നീരജ് ചോപ്ര. ഫൈനൽ യോഗ്യതയ്ക്ക് വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ചാണ് നീരജ് ഫൈനൽ പ്രവേശം രാജകീയമാക്കിയത്. ഓഗസ്റ്റ് എട്ടിനാണ് ഫൈനൽ മത്സരം.
ടോക്കിയോയിൽ 87.58 മീറ്റർ എറിഞ്ഞായിരുന്നു നീരജ് സ്വർണം നേടിയത്. ഇത്തവണ യോഗ്യതാ റൗണ്ടിൽ എ ഗ്രൂപ്പിൽ മത്സരിച്ച താരങ്ങളിൽ ജർമനിയുടെ ലോക ചാംപ്യൻ ജൂലിയൻ വെബർ ഇതിലും മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിലേക്ക് കടന്നത്. 87.76 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ വെബർ ഇത്തവണ നീരജിന് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് അതിലും 1.58 മീറ്റർ ദൂരം കൂടുതൽ കണ്ടെത്തി നീരജ് തിരിച്ചടിച്ചത്