നേര് റിലീസ് വൈകിയേക്കും.
കൊച്ചി: മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എഴുത്തുകാരന്‍ ദീപക് ഉണ്ണിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി നാളെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കും.
സിനിമ 21 ന് റിലീസ് ചെയ്യാനിരിക്കെയാണ് ദീപക് ഉണ്ണി കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ദീപക് ഉണ്ണി ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും കഥാകാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.