ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്
സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാൻ വൈകുന്നതിനെതുടര്‍ന്ന് ജാർഖണ്ഡിൽ നാടകീയ നീക്കങ്ങളാണ് ഉണ്ടായത്
ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ഇന്നലെ അർധരാത്രിയോടെ ചംപായ് സോറനെ ഗവര്‍ണര്‍ സർക്കാരുണ്ടാക്കാനായി ക്ഷണിച്ചത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവർണർ സി പി രാധാകൃഷ്ണൻ നിർദേശം നൽകി. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്നറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഗവര്‍ണറുടെ ക്ഷണമുണ്ടാകുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാൻ വൈകുന്നതിനെതുടര്‍ന്ന് ജാർഖണ്ഡിൽ നാടകീയ നീക്കങ്ങളാണ് ഉണ്ടായത്. ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ ഇന്നലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎൽഎമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിനായി റാഞ്ചി വിമാനത്താവളത്തില്‍ എത്തിയെങ്കിലും പോകാനായില്ല.