സ്വതന്ത്ര വ്യാപാര കരാർ.കേരളത്തിന് ഏറെ നേട്ടം
ന്യൂഡൽഹി : ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുമ്പോൾ കേരളത്തിന് ഏറെ നേട്ടം. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 42,343 കോടി രൂപയുടേതാണെന്നാണ് കണക്ക് (ഐ.ടി., പെട്രോളിയം എന്നിവ കൂടാതെ). ഇതിന്റെ ഏതാണ്ട് 18 ശതമാനം യൂറോപ്യൻ യൂണിയനിലേക്കായിരുന്നു.
കരാർപ്രകാരം ഇന്ത്യയിൽനിന്നുള്ള 90 ശതമാനം ഉ്തപന്നങ്ങളും തീരുവരഹിതമാകും. 10 വർഷത്തിനുള്ളിൽ 99 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ വേണ്ടാ എന്ന സാഹചര്യമുണ്ടാകും.
ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോത്പന്നങ്ങൾക്ക് നിലവിൽ നാലുമുതൽ 26 ശതമാനംവരെ തീരുവയാണ് യൂറോപ്യൻ യൂണിയൻ ഈടാക്കുന്നത്. അത് ഏതാണ്ട് പൂർണമായി ഇല്ലാതെയാകും. ഇതോടെ, വിയറ്റ്നാം, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മത്സരം നേരിട്ട് മികച്ച വിലയ്ക്ക് ചെമ്മീനും കണവ(കൂന്തൾ)യുമൊക്കെ യൂറോപ്പിലേക്ക് അയയ്ക്കാൻ കഴിയും. ഈ രംഗത്ത് മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതലായി ഉത്പാദിപ്പിച്ച് കയറ്റുമതിചെയ്യാൻ കരാർ വഴിവെക്കും. റെഡി-ടു-ഈറ്റ് വിഭവങ്ങൾക്ക് യൂറോപ്പിൽ വലിയ വിപണിയുണ്ട്.

