മലയാളിയെ ആർക്കും പറ്റിക്കാം
എറണാകുളം :കേരളത്തിൽ തട്ടിപ്പുകൾ പുതിയ സംഭവമല്ല. വിവിധ തരം തട്ടിപ്പുകൾ ദിനം പ്രതി നാട്ടിൽ അരങ്ങേറുന്നുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ട്. എളുപ്പത്തിൽ പണമുണ്ടാക്കാൻ ഓടി നടക്കുന്നവരായി മലയാളികൾ മാറി. അത്തരത്തിൽ ഒരു തട്ടിപ്പ് കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നടന്നു
ട്രെയിൻ വരുന്നതിനിടെ റെയിൽവേ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് നാലുപേർ ചാടിയ സംഭവത്തിലാണ് ഇപ്പോൾ ട്വിസ്റ്റ്. സ്വർണനിധി നൽകാമെന്ന് വിശ്വസിപ്പിച്ച് നാലുലക്ഷം തട്ടിയെടുത്ത സംഘമാണ് പുഴയിൽ ചാടിയതെന്ന് കണ്ടെത്തി. നാലുപേരിൽ മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവർ ഇതരസംസ്ഥാന തൊഴിലാളികളാണ്.
നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശികളായ ജെ സി ബി ഡ്രൈവർമാരെ പെരുമ്പാവൂരിൽ നിന്ന് ചാലക്കുടി പൊലീസ് പിടികൂടുകയായിരുന്നു. പരിക്കേറ്റ് അങ്കമാലിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ കൂട്ടുപ്രതി അബ്ദുൽ കലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നാദാപുരത്തു മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അസം സ്വദേശി മുഹമ്മദ് സിറാജുൽ ഇസ്ലാം രാജേഷിനോടും ലെനീഷിനോടും തങ്ങളുടെ സുഹ്യത്തിനു കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചതായി പറയുകയായിരുന്നു. ത്യശൂരിലെത്തി ഏഴു ലക്ഷം രൂപ നൽകിയാൽ വൻ ലാഭത്തിനു സ്വർണം ലഭിക്കുമെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്ന് രാജേഷും ലെനീഷും ഇയാൾക്കൊപ്പം കാറിൽ സ്വർണ ഇടപാടിനായി തൃശൂരിലെത്തി. മുഹമ്മദ് സിറാജുൽ ഇസ്ലാം പരിചയപ്പെടുത്തിയ 3 പേർക്ക് ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ വച്ച് മുൻകൂറായി 4 ലക്ഷം രൂപ നൽകുകയും പകരം സ്വർണമാണെന്നു പറഞ്ഞ് പൊതി കൈമാറുകയും ചെയ്തു. എന്നാൽ ലഭിച്ചത് മുക്കുപണ്ടമാണെന്ന് ഇരുവരും തിരിച്ചറിഞ്ഞതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.രാജേഷ് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിലേക്കെത്തുന്നത്.
കാർ വാങ്ങാനായാണ് എത്തിയതെന്നും അതിനാണു പണം നൽകിയതെന്നുമാണ് ആദ്യം ഇവർ സ്റ്റേഷനിൽ പറഞ്ഞത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തതോടെ നിധിയുടെ കാര്യം വെളിപ്പെടുത്തി.
ഇതിനിടെ രാത്രി ഒരു മണിയോടെ ചെന്നെ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെ ട്രെയിൻ പോകുമ്പോൾ നാലുപേർ പുഴയിലേക്ക് ചാടിയെന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് ഫയർഫോഴ്സിന്റെ സ്‌കൂബാ ടീം അടക്കം തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.പൊലീസ് നടത്തിയ അന്വേഷണത്തിൽ പരിക്കേറ്റവർ അടക്കമുള്ള സംഘം മുരിങ്ങൂരിൽ നിന്ന് ഓട്ടോയിൽ കയറി രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി വിവരം ശേഖരിച്ച പൊലീസ് അങ്കമാലി, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. അസം സ്വദേശിയായ ഒരാൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് ഇതിനിടെ വ്യക്തമായി. സംഘത്തിലുണ്ടായിരുന്ന അബ്ദുള്‍ കലാമിനെ കൈയ്ക്കും കാലിനും പരുക്കേറ്റതിനെ തുടർന്നു ആശുപത്രിയിൽ എത്തിച്ച ശേഷം മറ്റുള്ളവർ സ്ഥലംവിടുകയായിരുന്നു.