നിഷ പാലായിൽ സ്ഥാനാർഥിയാകും
ജോസ് കെ. മാണിയുടെ ഭാര്യ നിഷ പാലായിൽ സ്ഥാനാർഥിയായി വരാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് റോഷി അഗസ്റ്റിൻ പാലായിൽ പാർട്ടി ചെയർമാൻ തന്നെ മത്സരിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതെന്ന സൂചന സജീവമാകുന്നു .പാലായിൽ നിഷ സ്ഥാനാർഥിയാവുന്നതിനെ റോഷി അനുകൂലിക്കുന്നില്ല. ജോസ് കെ. മാണി വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മൈക്ക് പിടിച്ചുവാങ്ങി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്. തൊട്ടടുത്ത ദിവസവും റോഷി ഇതാവർത്തിച്ചു. എന്നാൽ, ആര് മത്സരിക്കുമെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്ന് ജോസ് ആവർത്തിച്ചതോടെ പാർട്ടിയിൽ ജോസും റോഷിയും രണ്ട് വഴിക്കാണോ എന്ന സംശയവും ഉടലെടുത്തു.
രാജ്യസഭയിൽ ജോസിന് അടുത്ത വർഷം ഡിസംബർ വരെ കാലാവധി ബാക്കിയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ തോൽവി നേരിട്ടത് ഇത്തവണയും ആവർത്തിച്ചാൽ രാജ്യസഭാ സ്ഥാനം കൂടി ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണ് ജോസ് കെ. മാണി ഭാര്യ നിഷയെ പാലായിൽ സ്ഥാനാർഥിയാക്കാൻ ഒരുങ്ങുന്നതെന്നാണ് റോഷിയുടെ അനുയായികൾ കുറ്റപ്പെടുത്തുന്നത്.
നിഷ പാലായിൽ സ്ഥാനാർഥിയാവുന്നത് റോഷി വിഭാഗം ഒരു തരത്തിലും അംഗീകരിക്കാൻ സാധ്യതയില്ല. പാലായിൽ നിഷ വിജയിക്കുകയും ജോസ് കെ. മാണി രാജ്യസഭാംഗമായി തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ പാർട്ടിൽ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമെന്ന് റോഷി വിഭാഗം കരുതുന്നു. അതിനാൽത്തന്നെ നിഷയെ പാലായിൽ മത്സരിപ്പിക്കാതിരിക്കാനുള്ള പ്രതിരോധം തീർക്കുകയാണ് അവർ.

