BreakingKeralaOthers

പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ.

സിനിമയില്‍ വിജയിക്കുന്ന എല്ലാ സ്ത്രീകളും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട് എന്ന നരേറ്റീവ് തന്നെ പ്രശ്‌നമാണ്. നോ പറഞ്ഞ്, പൊരുതിയാണ് ഒട്ടേറെ പേര്‍ ഇന്നും ഇവിടെ നില്‍ക്കുന്നത്.

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനം ഉന്നയിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ക്ലേവെന്ന വിമര്‍ശനമാണ് പാര്‍വതി തിരുവോത്ത് നടത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. കോടതി ഒരു ഉത്തരവ് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ എല്ലാ വിവരങ്ങളും നല്‍കാൻ തയ്യാറാണ്. ധനകാര്യ മന്ത്രി ബാലഗോപാൽ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിൽ അഭിപ്രായ വ്യത്യാസമില്ല. കോൺക്ലേവ് ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തുന്നുവെന്ന ആരോപണം തെറ്റിദ്ധാരണ മൂലമാണ്.
സിനിമാ മേഖലയിലെ ഭാവി നയം രൂപീകരിക്കാനുള്ള ദേശീയ കോൺക്ലേവ് ആണ് നടത്തുന്നത്. വിവിധ സംഘടനാ പ്രതിനിധികളാണ് പങ്കെടുക്കുക. കോണ്‍ക്ലേവുമായി മുന്നോട്ട് പോകും. വി ഡി സതീശൻ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കോണ്‍ക്ലേവ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പാര്‍വതി പറഞ്ഞു. കോണ്‍ക്ലേവ് എന്നത് കൊണ്ട് എന്താണ് എന്താണ് ഉദ്ദേശിക്കുന്നത്. ഇരകളും വേട്ടക്കാരും ഒരുമിച്ച് ഇരുന്നാണോ അത് സംഘടിപ്പിക്കേണ്ടത്. സിനിമയില്‍ വിജയിക്കുന്ന എല്ലാ സ്ത്രീകളും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട് എന്ന നരേറ്റീവ് തന്നെ പ്രശ്‌നമാണ്. നോ പറഞ്ഞ്, പൊരുതിയാണ് ഒട്ടേറെ പേര്‍ ഇന്നും ഇവിടെ നില്‍ക്കുന്നത്. അതിന് പല ത്യാഗങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ മറ്റൊരു കാര്യം, ചിലര്‍ ചെയ്യുന്ന അതിക്രമങ്ങളില്‍ ഒരു ഇന്‍സ്ട്രിയെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിച്ചില്ല. മലയാളം സിനിമയില്‍ ഇത് മാത്രമേ നടക്കുന്നുള്ളൂവെന്നും ഭയങ്കര മോശമാണെന്നും പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇവിടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മറ്റുള്ള ഇന്‍സട്രിയില്‍ അത് പോലുമില്ല.
2019 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. അന്ന് മുതല്‍ ഡബ്ല്യൂ.സി.സി ചോദിക്കുന്നതാണ് റിപ്പോര്‍ട്ട് എന്ന് പുറത്ത് വരുമെന്ന്. സാംസ്‌കാരിക വകുപ്പിന്റെ നിലപാടില്‍ ആശങ്കയുണ്ട്. ഇരകൾ പരാതി കൊടുക്കട്ടെയെന്ന സർക്കാർ നിലപാട് സങ്കടകരം. അവര്‍ റിപ്പോര്‍ട്ട് വായിച്ചിട്ടില്ല, പഠിച്ചിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. സിനിമയില്‍ നടക്കുന്ന ലൈംഗിക ചൂഷണം മാത്രമല്ല വിഷയം. എന്റര്‍ടൈന്‍മെന്റ് നിയമങ്ങള്‍ ഇവിടെ നടപ്പാക്കേണ്ടതുണ്ട്. എന്താണ് തൊഴിലിടം എന്നത് സംബന്ധിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഇന്ന് ഈ ചര്‍ച്ചകളെല്ലാം ഒരു നഴ്‌സറി സ്റ്റേജിലാണ് നില്‍ക്കുന്നത്. സിനിമയെ എങ്ങിനെ മികച്ച തൊഴിലിടമാക്കാം.അതിനു വേണ്ടിയാണ് ശ്രമങ്ങള്‍ നടത്തേണ്ടത്. ഇപ്പോള്‍ തന്നെ വൈകിപ്പോയി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം.പാർവതി തിരുവോത്ത് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *