BreakingBusinessCrimeExclusiveKerala

ഓൺലൈൻ ട്രേഡിങ്ങ് തട്ടിയെടുത്തത് 1.49 കേ‍ാടി

പാലക്കാട് ∙ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലുള്ള തട്ടിപ്പിലൂടെ പാലക്കാട് സ്വദേശിയായ മുൻ ഉന്നത സൈനിക ഉദ്യേ‍ാഗസ്ഥനു നഷ്ടമായത് 1.49 കേ‍ാടി രൂപ. നാലു മാസംകൊണ്ടാണ് ഡൽഹി കേന്ദ്രമായ തട്ടിപ്പു കമ്പനി ഷെയറിന്റെയും നിക്ഷേപത്തിന്റെയും പേരിൽ ഇത്രയും പണം തട്ടിയെടുത്തത്. വിരമിക്കൽ ആനുകൂല്യമായി ലഭിച്ച തുകയാണു നഷ്ടമായത്.
സമൂഹമാധ്യമത്തിലൂടെ അയച്ച ട്രേഡിങ് കമ്പനിയുടെ ലിങ്കിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. കേ‍ാൺഡാൻ എന്ന പേരിലുള്ള ട്രേഡിങ് കമ്പനിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ തട്ടിപ്പു സംഘം രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഷെയറുകൾ സംബന്ധിച്ചാണ് ആദ്യം പരിചയപ്പെടുത്തിയത്. പിന്നീട് നിക്ഷേപത്തിനു കൂടുതൽ പലിശ നൽകുന്ന മറ്റെ‍ാരു കമ്പനിയെയും പരിചയപ്പെടുത്തി. നിക്ഷേപ സ്കീമിൽ ആദ്യം 10,500 രൂപ നൽകിയപ്പേ‍ാൾ ഒരു മാസത്തിനകം 12,500 രൂപ തിരികെ ലഭിച്ചു
അടച്ച തുകയ്ക്കെല്ലാം കൂടിയ പലിശ ലഭിച്ചു. തുടർന്ന് ട്രേഡിങ് കമ്പനി നിർദേശിച്ച എഗ്രിമെന്റ് ഒപ്പിട്ടുനൽകി. എട്ടു തവണയായി നിക്ഷേപം, ഷെയർ ഇനങ്ങളിലായി 1.49 കേ‍ാടി രൂപയും നൽകി. പിന്നീട് നിക്ഷേപത്തിൽനിന്നു കുറച്ചു പിൻവലിക്കാൻ ശ്രമിച്ചപ്പേ‍ാൾ നികുതി, ഇൻഷുറൻസ് ഇനത്തിൽ 49 ലക്ഷം രൂപ നൽകണമെന്ന് വിഡിയേ‍ാകേ‍ാളിലൂടെ അറിയിക്കുകയായിരുന്നു. ഇല്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നും അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്നും മുന്നറിയിപ്പും നൽകി.

വിദേശത്തായിരുന്ന മക്കൾ വീട്ടിലെത്തിയപ്പേ‍ാഴാണു സംഭവം അറിഞ്ഞത്. തുടർന്ന് സൈബർ പെ‍ാലീസിൽ പരാതി നൽകുകയായിരുന്നു. പരിശ‍ാധനയിൽ കമ്പനി വ്യാജമാണെന്നു കണ്ടെത്തി. നൽകിയ തുകയിൽ 3 ലക്ഷം രൂപ പൊലീസ് ഇടപെട്ടതിനാൽ തട്ടിപ്പുകാർക്കു പിൻവലിക്കാൻ സാധിച്ചില്ല. ഇതു തിരികെ ലഭിച്ചേക്കുമെന്നാണു പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *