India

ഓണ്‍ലൈന്‍ ഫാന്റസി ഗെയിമിങ്.പൊലീസ് സബ് ഇന്‍സ്‍പെക്ടര്‍ക്ക് ലഭിച്ചത് ഒന്നര കോടി

പൂനെ: ഓൺലൈൻ വഴി പണം നഷ്ടപ്പെടുന്ന വാർത്തകൾ പുതുമയല്ല. എന്നാൽ ഓൺലൈൻ വഴി ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ച വാർത്ത കേട്ടവർ ഞെട്ടി.പ്രമുഖ ഓണ്‍ലൈന്‍ ഫാന്റസി ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെ പൊലീസ് സബ് ഇന്‍സ്‍പെക്ടര്‍ക്ക് ലഭിച്ചത് ഒന്നര കോടി രൂപയുടെ സമ്മാനം. പൂനെയിലാണ് സംഭവം. പിംപ്രി ചിന്‍ചിവാദ് പൊലീസ് കമ്മീഷണറേറ്റിലെ എസ്.ഐ ആയ സോംനാഥ് സെന്റെയ്ക്കാണ് അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചത്. പണം അക്കൗണ്ടില്‍ ലഭിച്ച് തുടങ്ങിയതായി അദ്ദേഹം പറയുന്നു. അതേസമയം എസ്.ഐയുടെ സന്തോഷത്തിന് അധികം ആയുസ് നല്‍കാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലും പിന്നാലെ.പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൊലീസ് സേനയില്‍ സജീവമായി ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ഇത്തരമൊരു ഗെയിമില്‍ പങ്കെടുത്ത് മത്സരിക്കാനും വിജയിക്കാനും സാധിക്കുമോ എന്നതാണ് അദ്ദേഹം നേരിടുന്ന പ്രധാന ചോദ്യം. ഇതിന് പുറമെ ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ നടത്തുന്നത് ചൂതാട്ടത്തിന് സമാനമായ പ്രവൃത്തികളാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

ഒന്നര കോടി സമ്മാനം കിട്ടിയപ്പോള്‍ പണമൊന്നും ലഭിക്കില്ലെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് എസ്.ഐ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ട് ലക്ഷം രൂപയുടെ ഒരു ഇടപാടിലൂടെ അക്കൗണ്ടില്‍ പണമെത്തി. ഇതില്‍ നിന്ന് 60,000 രൂപ കമ്പനി പിടിച്ചു. ബാക്കി 1,40,000 രൂപ ഇപ്പോള്‍ ലഭിച്ചുകഴിഞ്ഞു – സോംനാഥ് വിവരിച്ചു. കിട്ടുന്ന പണം കൊണ്ട് എന്ത് ചെയ്യാന്‍ പോകുന്നുവെന്ന കാര്യവും ഇയാള്‍ വിശദീകരിച്ചു. വീടിന്റെ ലോണ്‍ അടച്ചു തീര്‍ക്കണം. പകുതി തുക സ്ഥിര നിക്ഷേപമായി ഇട്ടിട്ട് അതില്‍ നിന്നുള്ള പലിശ ഉപയോഗിച്ച് കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *