കാലടി എസ്. മുരളിധരന് പുരസ്‌കാരം
——————————————————
എ. സെബാസ്റ്റ്യന്‍
എറണാകുളം : മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള 2024ലെ നവോത്ഥാന കലാസാഹിത്യ സംസ്‌കൃതി പി എന്‍ പണിക്കര്‍ പുരസ്‌കാരം കാലടി എസ് മുരളീധരന്. ഫെബ്രുവരി 25ന് കുമരകത്ത് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും. 45 വര്‍ഷക്കാലമായി ഗ്രന്ഥശാലാരംഗത്ത് പ്രവര്‍ത്തിക്കുന്ന കാലടി എസ് മുരളീധരന്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലെ ലൈബ്രേറിയന്‍ സ്ഥാനത്തുനിന്ന് വിരമിച്ചതിനുശേഷം മുഴുവന്‍ സമയവും ഗ്രന്ഥശാലാപ്രവര്‍ത്തനത്തിന് മാറ്റിവയ്ക്കുകയായിരുന്നു.മികച്ച ഗ്രന്ഥശാലക്കുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സമാധാനം പരമേശ്വരന്‍ പുരസ്‌കാരം നേടിയിട്ടുള്ള കാലടി മുരളീധരന്‍ എസ്എന്‍ഡിപി ലൈബ്രറിയുടെ സെക്രട്ടറിയും, നാഷണല്‍ ബുക്ക്സ്റ്റാളിന്റെ കാലടി ശാഖാമാനേജരുമാണിപ്പോള്‍ . കഴിഞ്ഞ 810 വാരങ്ങളായി തുടര്‍ച്ചയായി ബുധനാഴ്ച തോറും കാലടി ലൈബ്രറിയില്‍ നടക്കുന്ന ബുധസംഗമം സാംസ്‌കാരിക കൂട്ടായ്മയുടെ മുഖ്യ സംഘാടകനാണ് ഇദ്ദേഹം. ലൈബ്രറിയുടെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി തുടര്‍ച്ചയായി 105 വീട്ടുമുറ്റവായനാസദസ്സുകള്‍ക്ക് മുരളീധരന്‍ നേതൃത്വം നല്‍കി. കൂടാതെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങള്‍ വിവിധ ലൈബ്രറികളിലായി പുസ്തകസ്റ്റോക്ക് രജിസ്റ്ററില്‍ എഴുതി ചേര്‍ക്കുകയും, ആകാശവാണി കൊച്ചി നിലയത്തില്‍ സുഭാഷിതങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജാപ്പനീസ് പേപ്പര്‍മടക്കുകലയായ ഒറിഗാമി, ബുക്ക് ബയന്റിംഗ് എന്നിവയുടെ ജില്ലാതല പരിശീലകനുമാണ് ഇദ്ദേഹം. കല്‍ക്കട്ട നാഷണല്‍ ലൈബ്രറി അടക്കം പത്തോളം പ്രസിദ്ധമായ ലൈബ്രറികള്‍ സന്ദര്‍ശിച്ച് പഠനം നടത്തുകയും കണ്ണൂരില്‍ നടന്ന ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ മികച്ച ഗ്രന്ഥശാലാപ്രവര്‍ത്തകനുള്ള ഇടപ്പള്ളി അലിയാര്‍ സ്മാരക പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേരത്തെ കാലടി എസ് മുരളീധരനെ തേടി എത്തിയിട്ടുണ്ട്.
കാലടി എസ്.മുരളീധരന്‍ എന്നൊരു പുസ്തക സ്‌നേഹിയായ ഗ്രന്ഥശാല പ്രവര്‍ത്തകനുണ്ട്. ബുധനസംഗമം എന്ന പരിപാടിയിലൂടെ കേരളത്തിന്റെ ശ്രദ്ധ പിടിച്ചു വാങ്ങിയ മനുഷ്യന്‍.
വായനശാലകള്‍ സജീവമാക്കണമെങ്കില്‍ വ്യത്യസ്തമായ പരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബുധസംഗമം എന്ന പരിപാടി ഉണ്ടായത്. വായിക്കാന്‍ പുസ്തകമില്ലാതെ ആരും ഉണ്ടാകരുത് എന്നതിന്റെ വെളിച്ചത്തിലാണ് പുസ്തകം ആവശ്യമുള്ളവര്‍ക്ക് വീട്ടില്‍ പുസ്തകം എത്തിച്ച് കൊടുക്കുന്ന പദ്ധതി മറ്റാരെയും ഏല്‍പ്പിക്കാതെ കാല്‍നടയായി കൊണ്ട് പോയിക്കൊടുക്കുന്ന പരിപാടി തുടങ്ങിയത്. ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള അക്ഷരായനം പുരസ്‌കാരം നേടിയ രാധാമുരളീധരന്‍ ആണ് ജീവിതപങ്കാളി. ചുവര്‍ചിത്രകലാകാരനായ അമ്പാടിക്കണ്ണന്‍, സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നാടക പഠിതാവായ ആരോമലുണ്ണി എന്നിവരാണ് മക്കള്‍.

