തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നൽകാൻ ഇന്ത്യ. തിരിച്ചടിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ സ്വാതന്ത്ര്യം നൽകിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തിരിച്ചടിക്കാനുള്ള രീതി, ലക്ഷ്യങ്ങൾ ഏതൊക്കെ, തിരിച്ചടിക്കാനുള്ള സമയം എന്നിവ സേനകൾക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും ഇന്ത്യൻ സൈന്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

