BreakingCrimeExclusiveKerala

പന്തീരാങ്കാവ് ഗാർഹിക പീഡനം വീണ്ടും

ഒരുമിച്ചു ജീവിക്കാൻ ഇരുവരും ഹൈക്കോടതിയിൽ നൽകിയ ഒത്തുതീർപ്പ് ഹർജിയിൽ കഴിഞ്ഞ രണ്ടുമാസം മുൻപാണ് കേസ് കോടതി റദ്ദാക്കിയത്.

കോഴിക്കോട് ∙ വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി ക്ക് വീണ്ടും ഭർത്താവിന്റെ മർദ്ദനം. ക്രൂരമായി മർദനമേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യയെയാണ് ഭർതൃവീട്ടിൽനിന്നു പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയിൽനിന്നു നൽകിയ വിവരം അനുസരിച്ചാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പന്തീരങ്കാവ് പൊലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുകൾ ചുമത്തുന്നതെന്നും പൊലീസ് അറിയിച്ചു.
ഭർത്താവിന്റെ വീട്ടിൽനിന്നു രാത്രിയാണ് നീമയെ ആംബുലൻസിൽ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്നു പന്തീരാങ്കാവ് ഇൻസ്പെക്ടറും വനിത എഎസ്ഐയും രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. എറണാകുളത്തുനിന്നു മാതാപിതാക്കൾ എത്തിയാൽ നാട്ടിലേക്കു തിരിച്ചുപോകാൻ സൗകര്യം നൽകണമെന്നു യുവതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

നേരത്തേ യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് നടപടിയിൽ വീഴ്ച ഉണ്ടായെന്ന വിമർശനത്തിലും വനിതാ കമ്മിഷൻ ഇടപെടലിലും പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പൊലീസുകാരെ ഐജി സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഭർത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഒരുമിച്ചു ജീവിക്കാൻ ഇരുവരും ഹൈക്കോടതിയിൽ നൽകിയ ഒത്തുതീർപ്പ് ഹർജിയിൽ കഴിഞ്ഞ രണ്ടുമാസം മുൻപാണ് കേസ് കോടതി റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *