പി.സി.ജോർജിന്റെ സ്ഥാനാർഥിത്വവും ആശങ്കയിൽ
പി.സി.ജോർജിനെയോ മകനെയോ പത്തനംതിട്ടയിൽ സ്ഥാനാർഥി ആക്കുന്നതിനെ എൻ.ഡി.എ ഘടകകക്ഷി ബി.ഡി.ജെ.എസ് എതിർക്കുകയാണ്
പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുമ്പോൾ, മൂന്ന് മുന്നണികളും സ്ഥാനാർഥി നിർണയത്തിന്റെ അവസാന ഒരുക്കങ്ങളിലാണ്.എൻ.ഡി.എ മുന്നണി അടുത്തനാളില്‍ ബിജെപിയില്‍ ചേര്‍ന്ന പി.സി.ജോർജിനെ സ്ഥാനാർഥിയാക്കുമെന്ന് കരുതുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. പി.സി. ജോർജിനെ കൂടാതെ മകൻ ഷോൺ ജോർജിന്‍റെ പേരും പരിഗണിക്കുന്നതായ വിവരങ്ങളും ഇടക്ക് പുറത്തുവന്നിരുന്നു.
എന്നാൽ പി.സി.ജോർജിനെയോ മകനെയോ പത്തനംതിട്ടയിൽ സ്ഥാനാർഥി ആക്കുന്നതിനെ എൻ.ഡി.എ ഘടകകക്ഷി ബി.ഡി.ജെ.എസ് എതിർക്കുകയാണ്. അടുത്തിടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പി.സി.ജോർജിനെ രൂക്ഷമായി വിമർശിച്ചത് ഇതിന്‍റെ ഭാഗമാണെന്നും പറയപ്പെടുന്നു.
പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം.തോമസ് ഐസക് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗവും ജില്ല കമ്മിറ്റിയും തോമസ് ഐസക്കിന്റെ പേര് അംഗീകരിച്ചു.
ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ തോമസ് ഐസക്കിന്‍റെയും പാര്‍ലമെന്‍റ് മണ്ഡലം സെക്രട്ടറി രാജു ഏബ്രഹാമിന്‍റെയും പേരുകളാണ് പരിഗണിച്ചത്. ഇതില്‍ തോമസ് ഐസക്കിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിനു നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റിലും പത്തനംതിട്ടയിലേക്ക് തോമസ് ഐസക്കിന്റെ പേരാണ് ഉയർന്നത്. ഇത് ഇരു കൂട്ടരും അംഗീകരിച്ചതോടെ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് അവശേഷിക്കുന്നത്.
21നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാന കമ്മിറ്റി യോഗം, ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും നിര്‍ദേശിച്ച പേരുകള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്ത് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.
തുടര്‍ന്നാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പുത്തലത്ത് ദിനേശന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തു.
തോമസ് ഐസക്കിന് ലോക്‌സഭയിലേക്ക് കന്നി അങ്കമാണ്. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം, ആലപ്പുഴ മണ്ഡലങ്ങളെയാണ് ഐസക്ക് നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.
പത്തനംതിട്ടയില്‍ സി.പി.എം ജില്ല ഘടകത്തിന്റെ ചുമതല ഒരുവര്‍ഷത്തിലേറെയായി തോമസ് ഐസക്കിനാണ്..പത്തനംതിട്ടയിൽ മത്സരിക്കാനാണ് തോമസ് ഐസക് കൂടുതൽ താൽപര്യം കാട്ടിയത്. ഏറെക്കാലമായിതോമസ് ഐസക്ക് പത്തനംതിട്ടയിൽ പൊതുപരിപാടികളിൽ സജീവമാണ്. അടുത്തിടെ തിരുവല്ലയിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവിന്‍റെ തുടർ പ്രവർത്തനങ്ങളുമായി അദ്ദേഹം കൂടുതൽ സജീവമായി രംഗത്തുണ്ട്.
നേരത്തെ മുൻ എം.എൽ.എ രാജു എബ്രഹാമിന്‍റെ പേരും പത്തനംതിട്ടയിൽ പറഞ്ഞു കേട്ടിരുന്നു. എന്നാൽ ഒടുവിൽ ഐസക്കിന് തന്നെ നറുക്ക് വീഴുകയായിരുന്നു. യു.ഡി.എഫിൽ ആന്‍റോ ആൻറണി തന്നെ നാലാമതും സ്ഥാനാർഥിയാകുമെന്നും ഉറപ്പായിട്ടുണ്ട്.
ആന്‍റോ ആന്‍റണിയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്ന അഭിപ്രായങ്ങൾ ശക്തമായിരുന്നു. മൂന്നു തവണയായി പത്തനംതിട്ടയിൽ തന്നെ മത്സരിക്കുന്ന ആന്‍റോ ആന്‍റണിയുടെ വോട്ട് വിഹിതം ഓരോ തെരഞ്ഞെടുപ്പിലും കുറഞ്ഞു വരികയായിരുന്നു.
ഇതും കൂടി കണക്കിലെടുത്ത് ആന്‍റോ ആൻറണി മാറണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായിരുന്നു. പക്ഷേ സംസ്ഥാന നേതൃത്വം സിറ്റിങ് എം.പിമാരെ തന്നെ മത്സരിപ്പിക്കാനുള്ള ധാരണയിൽ എത്തിയതോടെ ആന്‍റോ ആൻറണി സീറ്റ് ഉറപ്പിച്ചു.
എന്തായാലും യുഡിഎഫില്‍ കോണ്‍ഗ്രസിലെ ആന്‍റോ ആന്‍റണിതന്നെ സ്ഥാനാര്‍ഥിയാകുമെന്നുറപ്പാണ്. കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂറിന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കളും നടത്തിവരുന്നു.
മുന്‍ ഡിസിസി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മില്‍ ചേര്‍ന്നതും സിപിഎമ്മിന്‍റെ സംഘടനാ കരുത്തും ലോക്‌സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളും എല്‍ഡിഎഫിന്‍റെ കൈയിലാണെന്നതും കണക്കിലെടുത്ത് ഇത്തവണ സീറ്റ് പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസമാണ് സിപിഎമ്മിനുള്ളത്. കൂടാതെ ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങൾ ഇപ്പോൾ മണ്ഡലത്തില്‍ വിഷയമ