ഒരു വാക്ക് പോലും പറയാതെ
അഡ്വ : സൗമ്യ മായാദാസ്
ഒരു വാക്ക് പോലും പറയാതെ ഒരുനാൾ
ദൂരെ എങ്ങോ പോയ് മറഞ്ഞതല്ലേ
ഒരു നെരമെങ്കിലും കാണാതെ വയ്യ
എന്നറിയാനൊരുപാട് വൈകിയോ ഞാൻ
അരികിലില്ലാത്തൊരീ നിമിഷങ്ങളിൽ
ഞാനറിയുന്നു നിന്നെയെനിക്കിഷ്ടമെന്ന്
അകലുവാൻ മാത്രമായെന്തിനെൻ ജീവനിൽ
അറിയാതുണർന്നു നീ സൂര്യനെ പോൽ
ആദ്യമായ് കണ്ടതും അറിയാതടുത്തതും
എപ്പോഴാണെന്നു നീ ഓർക്കുന്നുവോ
ആരാരുമറിയാതെ ഉള്ളിലെ ഇഷ്ടങ്ങൾ
ആരാദ്യം ചൊല്ലിയെന്നോർമയുണ്ടോ
മനസിന്റെ മണിവിളക്കണയുന്ന നേരം
ഹൃദയത്തിൽ നോവിന്റെ തിരിതെളിഞ്ഞു
മഴവന്നു മിഴിനനഞ്ഞെങ്കിലും കണ്മഞഷി –
എഴുതിയ നിന്നെ ഞാനോർത്തിരുന്നു
മകരനിലാവിലാ മാനത്ത് വിരിയുന്ന
മധുചന്ദ്ര ലേഖയെ കാണുമ്പോഴും
കരതലതാൽ മുടി മാടിയൊതുക്കിയ
കാമുകിയെ എനിക്കോർമവരും
കനവിലെ കളിമര ചില്ലയിൽ ചേക്കേറി
കിളികളായ് നാമൊരു കവിത പാടി
കരളിലെ പ്രണയമാം വരികളിൽ
നാമന്നു സ്വരരാഗലയശ്രുതിഭരിതമായി
ചെറുപിണക്കം നിന്റെ മനസിലിന്നിത്രയും
മുറിവ് സമ്മാനിക്കുമെന്നൊർത്തില്ല ഞാൻ
ഒരു നോക്ക് കൊണ്ടിനി നിൻ മുഖം വാടാതെ
അരികിലായ് എന്നും ഞാൻ ചേർത്ത് വെക്കാം
ഇനിയെന്ന് തിരികെയെൻ അരികിലായ്
നീ വരുമറിയില്ല എങ്കിലും കാത്തിരിപ്പൂ
കരകാണാകടലലയ്ക്കപ്പുറമെന്നാലും
നീ വിളിച്ചാൽ ഞാനുമരികിലെത്താം ..