ഒരു സായാഹ്നമഴ നേരത്ത്
..ഷീജ കെ കാവുംപുറത്ത്
ആർദ്രമീ മഴക്കൊപ്പം തെല്ലു നേരം
ഞാനിരിക്കട്ടെ പെയ്തു തോരും വരെ
ഈ വരാന്തതൻ ഓരത്ത്…
ഒന്ന് നനയാൻ കൊതിച്ചെന്റെയുള്ളം
ഒരു ക്ഷണം നോവ് പടർത്തി
ഈ വർഷകാലം….
പണ്ട് എത്രയോ നനഞ്ഞോരി
വർഷകാലം എന്നോർത്തതും
പിടഞ്ഞുപോയെൻ നെഞ്ചകം…
ഒരു കുട പോലും അന്യമായിപ്പോയ
എൻ ബാല്യത്തിൻ ഓർമ്മകളാം
വർഷകാലം..
ആകെയുള്ളൊരു കുപ്പായവും
നനഞ്ഞൊട്ടിയ ദേഹത്തെ കിടുകിടാവിറപ്പിച്ചും
കുളിർപ്പിച്ച വർഷകാലം..
മഴത്തുള്ളി പെയ്തു
നനയാതെ മാറത്ത് ചേർത്തൊരെൻ
പുസ്തക സഞ്ചിയെ
മിഴിപെയ്തു നനയിച്ച
വർഷകാലം….
ഇന്നീ വരാന്തതൻ
ഓരത്ത് നിൽക്കുമ്പോൾ
ഓർമ്മതൻ നോവുകൾ
എൻ മിഴിയിലും
താളത്തിൽ പെയ്തു പോയി.