BreakingCrimeKerala

പോത്തൻകോട് സുധീഷ് വധക്കേസ്.11പ്രതികൾക്കും ജീവപര്യന്തം

തിരുവനന്തപുരം∙ പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിൽ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തുകയും കാൽ വെട്ടിമാറ്റുകയും ചെയ്ത കേസിൽ സുധീഷ് ഉണ്ണി, ഗുണ്ടാത്തലവൻ ഒട്ടകം രാജേഷ്, ശ്യാംകുമാർ, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുൺ, സച്ചിൻ, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെയാണ് ശിക്ഷിച്ചത്. നെടുമങ്ങാട് പ്രത്യേക കോടതി ജഡ്ജി എ.ഷാജഹാനാണ് ശിക്ഷ വിധിച്ചത്
പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. കൊലപാതകം, കൂട്ടംകൂടിയുള്ള ആക്രമണം, ആയുധം കൈവശംവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണു പ്രതികൾക്കുമേൽ ചുമത്തിയത്. ഒട്ടകം രാജേഷ് 3 കൊലപാതകമടക്കം 18 കേസുകളിൽ പ്രതിയാണ്. പ്രതികളുടെ ഭീഷണിയെത്തുടർന്ന് സാക്ഷികൾ കൂറുമാറിയ കേസിൽ ശാസ്ത്രീയ തെളിവുകളുടെ ബലത്തിലാണു പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്. പ്രതികളുടെ വസ്ത്രങ്ങളിലും ആയുധങ്ങളിലും നിന്ന് സുധീഷിന്റെ ഡിഎൻഎ അടക്കമുള്ള തെളിവുകൾ ലഭിച്ചതു നിർണായകമായി.   

അക്രമികളെ കണ്ട് ഭയന്നോടി ബന്ധുവായ സജീവിന്റെ വീട്ടിലേക്കു സുധീഷ് കയറി. പിന്തുടർന്നെത്തിയ സംഘം അതിക്രമിച്ചു കയറി കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് സുധീഷിനെ വെട്ടുകയായിരുന്നു. സമീപ വീടുകളിലും ആക്രമണം നടത്തി.
1- വെട്ടേറ്റു മരിച്ച  സുധീഷ് 2- ബൈക്കിലും ഓട്ടോറിക്ഷയിലുമായി മടങ്ങുന്ന പ്രതികൾ സുധീഷിന്റെ വെട്ടിയെടുത്ത കാലിന്റെ ഭാഗം റോഡിലേക്ക് വലിച്ചെറിയുന്നു. സിസിടിവി ദൃശ്യത്തിൽ നിന്ന്.  
1- വെട്ടേറ്റു മരിച്ച സുധീഷ് 2- ബൈക്കിലും ഓട്ടോറിക്ഷയിലുമായി മടങ്ങുന്ന പ്രതികൾ സുധീഷിന്റെ വെട്ടിയെടുത്ത കാലിന്റെ ഭാഗം റോഡിലേക്ക് വലിച്ചെറിയുന്നു. സിസിടിവി ദൃശ്യത്തിൽ നിന്ന്.
പകതീരാതെ സുധീഷിന്റെ വലതുകാൽ മുട്ടിനുതാഴെ വെട്ടിയെടുത്തശേഷം ബൈക്കിൽ ആഹ്ലാദപ്രകടനം നടത്തുകയും കല്ലൂർ ജംക്‌ഷനിൽ കാൽ റോഡിലെറിയുകയും ചെയ്തു. പൊലീസെത്തി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുംവഴിയാണു സുധീഷ് മരിച്ചത്. ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് സുധീഷ് മൊഴി നൽകിയിരുന്നു.ലഹരി ഇടപാടുമായി ബന്ധപ്പെട്ട ക്വട്ടേഷനാണ് ഇരുസംഘങ്ങളും തമ്മിലുള്ള ആക്രമണത്തിൽ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *